നാട്ടുകാര്‍ രക്ഷകരായി, കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണുപോയ കാറില്‍ നിന്ന് നാലംഗ കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ കാണാം
By സമകാലിക മലയാളം ഡെസ്ക് | Published: 17th July 2018 01:05 PM |
Last Updated: 17th July 2018 01:05 PM | A+A A- |

മുംബൈ: മുംബൈയില്‍ അതിശക്തമായ മഴ തുടരുകയാണ്. പുഴകള്‍ നിറഞ്ഞ് കവിഞ്ഞതോടെ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. അപകടങ്ങള്‍ വര്‍ധിച്ചതോടെ പല സ്ഥലങ്ങളിലും നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം നാലംഗ കുടുംബത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
ഒരു ചെറിയ കുട്ടി ഉള്‍പ്പടെയുള്ള നാലംഗ കുടുംബത്തെയാണ് നാട്ടുകാര്‍ മരണത്തില്‍ നിന്ന് പിടിച്ചുയര്‍ത്തിയത്. നേവി മുംബൈയിലെ തലോജയിലാണ് സംഭവമുണ്ടായത്. നിറഞ്ഞു കവിഞ്ഞു കിടക്കുന്ന പുഴയിലേക്ക് വീഴുമായിരുന്ന കാറില്‍ നിന്നാണ് നാലംഗ കുടുംബത്തെ രക്ഷിച്ചത്. വാഹനം പുഴയിലേക്ക് പോകുന്നതു കണ്ട ഗ്രാമവാസികളും നിര്‍മാണ സൈറ്റിലെ തൊഴിലാളികളുമാണ് 30 മിനിറ്റു നേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തിയത്. കാറിന്റെ ചില്ല് തകര്‍ത്ത് നാലു പേരെയും പുറത്തെത്തിച്ചതിന് ശേഷം കയര്‍ കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിലേക്ക് പോകുമായിരുന്ന കാറും നാട്ടുകാര്‍ പുറത്തെത്തിച്ചു. ഇതിന് മൂന്ന് മണിക്കൂര്‍ സമയമാണ് എടുത്തത്.
തലോജയിലെ വവാന്ജി ഗ്രാമത്തിലെ 37 കാരനായ അസ്റഫ് അലി ഷേയ്ക്കും ഭാര്യ ഹമിദയും ഏഴ് വയസുകാരിയായ മകളും 17 കാരിയായ ബന്ധുവുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പാലത്തിലൂടെ പുഴ മുറിച്ച് കടക്കുന്നതിനിടെ എതിരേ മറ്റൊരു കാര്‍ വന്നും. ആ കാറിന് പോകാന്‍ നീങ്ങിക്കൊടുത്തപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് നല്ല മഴയായിരുന്നു. ശക്തിയില്‍ ഒഴുകി വന്ന വെള്ളത്തില്‍ കാര്‍ പാലത്തില്‍ നിന്ന് 20 മീറ്റര്‍ ദൂരത്തേക്ക് നീങ്ങി. ഭാഗ്യത്തിന് വണ്ടി അവിടെ തടഞ്ഞു നിന്നു. ഇത് കണ്ടെത്തിയ നാട്ടുകാര്‍ കാറില്‍ കയര്‍ കെട്ടി കാറിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ചെറിയ പരുക്കുകള്‍ പറ്റി.
#WATCH Locals pull a family to rescue using a rope after the family's car was submerged in water, in Navi Mumbai's Taloja #Maharashtra (16.07.18) pic.twitter.com/bD7ubV7xnN
— ANI (@ANI) July 17, 2018