വിദ്വേഷ അതിക്രമങ്ങളിലും ദുരഭിമാന കൊലകളിലും ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്; ആറ് മാസത്തിനിടെ രാജ്യത്ത് അരങ്ങേറിയത് 100 ആള്‍ക്കൂട്ട അക്രമങ്ങള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th July 2018 07:56 PM  |  

Last Updated: 17th July 2018 07:56 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ, ആള്‍ക്കൂട്ട അതിക്രമങ്ങള്‍, ദുരഭിമാന കൊലകള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. തൊട്ടുപിന്നില്‍ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ്. മുസ്ലിം ന്യൂനപക്ഷങ്ങളും ദളിത്, ആദിവാസി വിഭാഗങ്ങളും ട്രാന്‍സ്‌ജെന്ററുകളുമാണ് വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നത്. 

രേഖപ്പെടുത്തിയ കണക്കനുസരിച്ച് കഴിഞ്ഞ ആറ് മാസത്തിനിടെ 100 ആള്‍ക്കൂട്ട അക്രമങ്ങളാണ് രാജ്യത്തൊട്ടാകെ നടന്നത്. ദളിതുകള്‍ക്കെതിരെ 67 ആക്രമണങ്ങളും മുസ്ലിങ്ങള്‍ക്കെതിരെ 22 ആക്രമണങ്ങളും ഇക്കാലത്ത് അരങ്ങേറി. ദുരഭിമാനക്കൊലകളില്‍ 18 എണ്ണം യു.പിയിലാണ്. ഗുജറാത്തില്‍ 13ഉം രാജസ്ഥാനില്‍ എട്ടും അതിക്രമ സംഭവങ്ങള്‍ ഉണ്ടായി. തമിഴ്‌നാട്, ബീഹാര്‍ സംസ്ഥാനങ്ങളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്. 

2016ല്‍ 237ഉം 2017ല്‍ 200ഉം വിദ്വേഷ അതിക്രമങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നതും യു.പിയില്‍ത്തന്നെ. യു.പിയ്ക്ക് പിന്നാലെ ഹരിയാന, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലും ഇക്കാലയളവില്‍ വലിയ തോതില്‍ അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദാദ്രിയില്‍ മുഹമ്മദ് അക്‌ലാഖിനെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്ത് 603 ആള്‍ക്കൂട്ട അതിക്രമങ്ങളാണ് ഉണ്ടായത്.