ആള്‍ക്കൂട്ട കൊലകള്‍ തടയണം, മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിം കോടതി; അടിയന്തര നിയമ നിര്‍മാണത്തിനു നിര്‍ദേശം

പാര്‍ലമെന്റ് അടിയന്തരപ്രാധാന്യത്തോടെ നിയമം നിര്‍മ്മിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച്
ആള്‍ക്കൂട്ട കൊലകള്‍ തടയണം, മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിം കോടതി; അടിയന്തര നിയമ നിര്‍മാണത്തിനു നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി. അക്രമസംഭവങ്ങള്‍ ഏതുതരത്തിലും തടയേണ്ടത് അത്യാവശ്യമാണ്. ഇതിനായി പാര്‍ലമെന്റ് അടിയന്തരപ്രാധാന്യത്തോടെ നിയമം നിര്‍മ്മിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചു. 

പശുവിന്റെ പേരിലടക്കമുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വഴി നിയമം കയ്യിലെടുക്കാന്‍ ആള്‍ക്കൂട്ടത്തിന് അവസരങ്ങള്‍ നല്‍കരുത്.രാജ്യത്തെ പലഗ്രാമങ്ങളും ആള്‍ക്കൂട്ട ആക്രമണ ഭീഷണിയുടെ നിഴലിലാണെന്നും കോടതി പറഞ്ഞു. പാര്‍ലമെന്റ് നിയമം രൂപീകരിച്ചാല്‍ മാത്രമേ ജനങ്ങളിലെ ഭയം മാറുകയുള്ളൂ.കൃത്യമായി ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ നിര്‍വചിക്കുകയും ശിക്ഷ കര്‍ശനമാക്കുകയും വേണം. നിലവിലുള്ള നിയമ വ്യവസ്ഥകള്‍ ഇതിനായി ഉപയോഗപ്പെടുത്താം എന്നും കോടതി പറഞ്ഞു. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 

അടിയന്തര പ്രാധാന്യത്തോടെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ജില്ലാഭരണകൂടം സജീവമായി പ്രവര്‍ത്തിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ തടയണം എന്നുമടക്കമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചത്. ഇത് നാലാഴ്ചയ്ക്കകം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് ആഗസ്റ്റില്‍ വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com