കരഞ്ഞത് കോണ്‍ഗ്രസ് കാരണമല്ല; വിമര്‍ശനനങ്ങളാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് കുമാരസ്വാമി

തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ച് കോണ്‍ഗ്രസുമായി പ്രശ്‌നമുണ്ടെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
കരഞ്ഞത് കോണ്‍ഗ്രസ് കാരണമല്ല; വിമര്‍ശനനങ്ങളാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് കുമാരസ്വാമി


ബെംഗളൂരു: തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ച് കോണ്‍ഗ്രസുമായി പ്രശ്‌നമുണ്ടെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സമൂഹത്തിലെ ചിലരും ചില മാധ്യമങ്ങളും തന്നെ യാതൊരു കാരണവുമില്ലാതെ വിമര്‍ശിക്കുന്നതാണ് വിഷമത്തിനു കാരണം. അതുകൊണ്ടാണു കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ കരഞ്ഞതെന്നും കുമാരസ്വാമി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് സുഹൃത്തുക്കളെല്ലാം സമ്പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്തും ചെയ്യാനുള്ള സമ്മതമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്'- കുമാരസ്വാമി പറഞ്ഞു.സഖ്യത്തിലുണ്ടായ പ്രശ്‌നങ്ങളല്ല എന്റെ വേദനയ്ക്ക് കാരണം. അക്കാര്യത്തില്‍ ഉറപ്പു നല്‍കാം. ഞാന്‍ വളരെ 'സെന്‍സിറ്റീവ്' ആയ വ്യക്തിയാണ്. എന്തെങ്കിലും ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ഞാനീ പദവി ഏറ്റെടുത്തത്. പക്ഷേ സമൂഹത്തിലെ ചില വിഭാഗക്കാര്‍ എന്തിനാണ് എന്നെ വിമര്‍ശിക്കുന്നതെന്നറിയില്ല. എന്തു തെറ്റാണു ഞാന്‍ ചെയ്തത്- കുമാരസ്വാമി ചോദിച്ചു.

 താന്‍ കോണ്‍ഗ്രസിനോ അതിന്റെ ഏതെങ്കിലും ഒരു നേതാവിനോ എതിരെ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അത് ജെഡിഎസിന്റെ പാര്‍ട്ടി പരിപാടിയായിരുന്നു. അതിനിടയ്ക്കാണ് താന്‍ വികാരാധീനനായത്. മാധ്യമങ്ങള്‍ അതിനെ തെറ്റായി വിലയിരുത്തുകയായിരുന്നെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 

നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോള്‍ നന്നായറിയാം. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ചേര്‍ന്ന ജെഡിഎസ് യോഗത്തില്‍ കുമാരസ്വാമിയുടെ പരാമര്‍ശം. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലായിരുന്നു പ്രസ്താവന. ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com