പതിനൊന്നുകാരിയെ 22 പേര്‍ മാസങ്ങളോളം പീഡിപ്പിച്ചു ; 18 പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 01:07 PM  |  

Last Updated: 17th July 2018 01:07 PM  |   A+A-   |  

ചെന്നൈ : പതിനൊന്നുകാരിയെ 22 ഓളം പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. ബധിരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ്, ചെന്നൈ പുരസവല്‍ക്കത്തെ ഫ്‌ലാറ്റ് സമുച്ചയത്തിലെ ജോലിക്കാര്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ മാസങ്ങളോളം പീഡിപ്പിച്ചത്. കുട്ടി തന്റെ സഹോദരിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം അറിഞ്ഞ മാതാപിതാക്കള്‍ അയനാവരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ 18 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായ രവികുമാറാണ് (66) കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. മൂന്നു ദിവസത്തിന് ശേഷം മറ്റു രണ്ടുപേരുമായി ഇയാള്‍ എത്തുകയും കുട്ടിയെ അവര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റു പ്രതികള്‍ക്കും ഇവര്‍ കുട്ടിയെ കൈമാറുകയായിരുന്നു. 

മയക്കുമരുന്ന് കുത്തിവെച്ചും, മയങ്ങാനുള്ള മരുന്ന് ശീതളപാനീയത്തില്‍ കലക്കി നല്‍കിയുമാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നത്. ഫ്‌ലാറ്റിലെ ഭൂരിഭാഗം മുറികളും ഒഴിഞ്ഞുകിടന്നത് കുറ്റകൃത്യത്തിന് പ്രതികള്‍ക്ക് സഹായമായതായും പൊലീസ് സൂചിപ്പിച്ചു. 

കുട്ടിയുടെ പിതാവ് ദൂരെ സ്ഥലത്താണ് ജോലിചെയ്യുന്നത്. മാതാവാകട്ടെ, വീട്ടുജോലി ചെയ്യുന്നയാളാണ്. കുട്ടി മിക്കദിവസവും സ്‌കൂളില്‍ നിന്ന് വരാന്‍ വൈകുന്നത്, കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് കൊണ്ടാണെന്നാണ് അമ്മ കരുതിയിരുന്നത്. പോക്‌സോ കുറ്റം ചുമത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് സൂചിപ്പിച്ചു.