സമ്പാദിച്ച പണം മുഴുവന്‍ മോഷണം പോയി; നിരങ്ങി നീങ്ങി ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത് നിത്യകാഴ്ച,തിരിഞ്ഞുനോക്കാതെ അധികൃതര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 10:37 PM  |  

Last Updated: 17th July 2018 10:47 PM  |   A+A-   |  

 

മീററ്റ്: അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന ദലിത് ദമ്പതികള്‍ നീതിയ്ക്കായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് നൊമ്പരകാഴ്ചയായി. കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യം മോഷണം പോയി. ഇത് തിരിച്ചുകിട്ടാനാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ദമ്പതികളായ സഞ്ജീവ് കുമാറും സാവിത്രിയും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത്. 

ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെന്ന് ഇരുവരും ആരോപിച്ചു. തുടര്‍ന്നാണ് എസ്പി ഓഫീസിനെ സമീപിച്ചത്. 
ഇവിടെനിന്നും നീതി ലഭിച്ചില്ലായെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഇരുവരും ഭീഷണി മുഴക്കി. പരാതിയുമായി എസ്പി ഓഫീസിലേക്ക് ഇരുവരും നിരങ്ങിനീങ്ങുന്ന കാഴ്ച സ്റ്റേഷനില്‍ കൂടിനിന്നവര്‍ക്ക് നൊമ്പരകാഴ്ചയായി.കടുത്ത ചൂടിനെ അവഗണിച്ചാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. 

ജൂലായ് നാലിന് ബന്ധുക്കളുടെ വീട്ടിലേക്ക് പോയ വേളയിലാണ് ദമ്പതികളുടെ 80,000 രൂപ മൂല്യമുളള വിലപിടിപ്പുളള വസ്തുക്കള്‍ മോഷണം പോയത്. വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് ഇരുവരുടെയും സമ്പാദ്യം നഷ്ടമായത്.

ദമ്പതികളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് എസ്പി ഓഫീസ് അറിയിച്ചു.
 

TAGS
couple