സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ സ്വന്തം നിലയില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല; ഫീസ് നിര്‍ണയ സമിതിയുടെ അംഗീകാരം നിര്‍ബന്ധമെന്ന് സുപ്രീംകോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 03:24 PM  |  

Last Updated: 17th July 2018 03:24 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഫീസ് നിര്‍ണയ സമിതിയുടെ അംഗീകാരം ഇതിന് അനിവാര്യമാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2013- 14 അധ്യയനവര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ അണ്ണാമലൈ സര്‍വകലാശാല എംബിബിഎസ് കോഴ്‌സിന്റെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ 150 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സര്‍വകലാശാലയുടെ തീരുമാനം 2003ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഫീസ് ഘടന പരിശോധിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുളള ഫീസ് നിര്‍ണയ സമിതിയ്ക്ക് അതാത് സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായി രൂപം നല്‍കണമെന്നതാണ് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ സാരാംശം. ഫീസ് നിര്‍ണയ സമിതിയുടെ അംഗീകാരത്തോടെ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് പ്രഖ്യാപിക്കാന്‍ പാടുളളു. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്രയും യു യു ലളിതും അടങ്ങുന്ന ബെഞ്ചിന്റെ വിധി.

2013ലാണ് സംസ്ഥാന സര്‍വകലാശാലയായി മാറിയ അണ്ണാമലൈ സര്‍വകലാശാല ഫീസ് നിര്‍ണയ സമിതിയുടെ അംഗീകാരമില്ലാതെ മെഡിക്കല്‍ ഡെന്റല്‍ ഫീസ് ഘടന ഏകപക്ഷീയമായി തയ്യാറാക്കിയതാണ് കേസിന് ആധാരം.പ്രതിവര്‍ഷം 5.54 ലക്ഷം രൂപ ഫീസ് നിശ്ചയിച്ച സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ആദ്യം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അമിത ഫീസാണ് സര്‍വകലാശാല ഈടാക്കുന്നതെന്ന വിദ്യാര്‍ത്ഥികളുടെ വാദം ഹൈക്കോടതി തളളി.  തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
 

TAGS
fees