മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്ക് നല്‍കിയ സ്വത്ത് തിരികെയെടുക്കാം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2018 11:35 AM  |  

Last Updated: 18th July 2018 11:35 AM  |   A+A-   |  

മുംബൈ: മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് തോന്നലുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് സ്വത്ത് തിരികെയെടുക്കാമെന്ന്  ബോംബൈ ഹൈക്കോടതി. 2007 ല്‍ പാസാക്കിയ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണാര്‍ത്ഥമുള്ള നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.

മാതാപിതാക്കളോ, മുതിര്‍ന്ന പൗരന്‍മാരോ സ്വന്തം സ്വത്തുക്കള്‍ കൈമാറിയാലും അത് ലഭിച്ചവര്‍ പിന്നീട് അവഗണിച്ചാല്‍ സ്വത്ത് തിരികെ പിടിക്കാന്‍ അവകാശം നല്‍കുന്നതാണ് ഈ നിയമം. 


അന്ധേരി സ്വദേശിയായ മുതിര്‍ന്ന പൗരന്‍ തന്റെ ഫഌറ്റിന്റെ പകുതി ഉടമസ്ഥാവകാശം മകന് എഴുതി നല്‍കിയത് തിരികെ എടുത്തിയിരുന്നു. ഇതിനെതിരെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. 2014 ല്‍ ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചപ്പോള്‍ ഫഌറ്റിന്റെ ഉടമസ്ഥാവകാശം മകന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഫഌറ്റിന്റെ പകുതി ഉടമസ്ഥാവകാശം മകന് നല്‍കുകയും ചെയ്തു. എന്നാല്‍ മകന്റെയും മരുമകളുടെയും പീഡനത്തെ തുടര്‍ന്ന് ഇയാള്‍ക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു.

ട്രൈബ്യൂണലിന്റെ സഹായത്തോടെ ഫഌറ്റ് തിരികെ പിടിച്ച നടപടിയാണ് കോടതി ഇപ്പോള്‍ ശരി വച്ചത്.