അവിശ്വാസ പ്രമേയം പാസാക്കാനുള്ള ആളില്ലെന്ന് ആരാണ് പറഞ്ഞതെന്ന് സോണിയ ഗാന്ധി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്ച 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 08:58 AM  |  

Last Updated: 19th July 2018 08:58 AM  |   A+A-   |  

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാക്കാനുള്ള അംഗബലം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ലെന്ന് ആരാണ് പറഞ്ഞതെന്ന് സോണിയ ഗാന്ധി. എന്‍ ഡി ടി വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവിശ്വാസ വോട്ട് പാസാക്കാന്‍ ആവശ്യമായ അംഗങ്ങള്‍ പ്രതിപക്ഷത്തില്ലല്ലോ എന്ന ചോദ്യം ഉയര്‍ന്നത്. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സൂചന തന്നെയാണ് അവര്‍ അഭിമുഖത്തില്‍ പ്രകടിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രമേയത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഞായറാഴ്ച യോഗം ചേരും.
ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നും 50 അംഗങ്ങളാണ് പിന്തുണച്ചത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

 2003 ല്‍ സോണിയ ഗാന്ധി പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് പാര്‍ലമെന്റില്‍ ഇതിന് മുമ്പ് അവിശ്വാസ പ്രമേയം വന്നിരുന്നത്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിനെതിരെയായിരുന്നു അത്.
ബിജെപിക്ക് 275 അംഗങ്ങളാണ് ഉള്ളത്. സഖ്യകക്ഷികളെ കൂടി കൂട്ടിയില്‍ അംഗബലം 315 ആകും. എഐഎഡിഎംകെയെയും ബിജെഡിയെയും തെലങ്കാന രാഷ്ട്രീയ സമിതി എന്നിങ്ങനെ പ്രത്യേക രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കാത്ത പാര്‍ട്ടികള്‍ക്കെല്ലാം കൂടി 62 ഉം പ്രതിപക്ഷകക്ഷികള്‍ക്ക് 152 അംഗങ്ങളുമാണ് ഉള്ളത്.
പ്രമേയത്തിന് പ്രതിപക്ഷ കക്ഷികളെല്ലാം  ഒന്നിച്ച് നിര്‍ത്തുന്നതിനൊപ്പം
തെലങ്കാന രാഷ്ട്രീയ സമിതിയുടെയും ബിജെഡിയുടെയും പിന്തുണയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങളും നടത്താനാണ് പദ്ധതി. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.