അവിശ്വാസ പ്രമേയം: ബിജെപിയുടെ ഉറക്കം കെടുത്തുന്നത് 2003ലെ ഓര്‍മ്മകള്‍; സാധ്യതകള്‍ ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 05:21 PM  |  

Last Updated: 19th July 2018 05:21 PM  |   A+A-   |  

 

മോദി സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങുമ്പോള്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാതെ മറികടക്കാന്‍ സാധിക്കുമെന്ന പ്രതിക്ഷയിലാണ് ബിജെപി. എന്നാല്‍ 2003ലെ അവിശ്വാസ പ്രമേയത്തിന്റെ അനന്തരഫലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിയുമെന്ന ഉറപ്പൊന്നുമില്ലെങ്കിലും 2019ലെ തെരഞ്ഞെടുപ്പിന് പ്രതിപക്ഷ നിരയെ കൂടുതല്‍ ശക്തമാക്കാന്‍ ലഭിച്ചിരിക്കുന്ന വലിയ അവസരമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. 

ആവര്‍ത്തിക്കുന്ന ചരിത്രം

തിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം വീണ്ടും വരുന്നത്. 2003ല്‍ വാജ്‌പേയിയുയെ നേതൃത്വത്തിലിരുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ അത് വിജയിച്ചില്ല. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തിന് അന്ന് 186 വോട്ടുകളാണ് ലഭിച്ചത് സര്‍ക്കാരിന് 312ഉം. രാജസ്ഥാന്‍,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരുന്ന സമയത്തായിരുന്നു അന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഡല്‍ഹി ഒഴിച്ചുള്ള മറ്റ് നാല് സംസ്ഥാനങ്ങളിലും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ഇപ്പോള്‍ ബിജെപി വീണ്ടും അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങുന്നത്. 

2003ലെ അവിശ്വാസ പ്രമേയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഈ നാല് സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചു. എന്നാല്‍ ഭിന്നിച്ചു നിന്ന പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനും യുപിഎ കൂടുതല്‍ ശക്തമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. ഇത് 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകമായി. അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനുള്ള കരുത്ത് മോദി സര്‍ക്കാരിനുണ്ടെങ്കിലും ചരിത്രം വീണ്ടും ആവര്‍ത്തിച്ചുവരുമോയെന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പുകള്‍. 

സാധ്യതകള്‍ ഇങ്ങനെ: 

ര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡിഎസുമായി കൈകോര്‍ത്ത് രാഷ്ട്രീയ തന്ത്രം മെനഞ്ഞത് പ്രതിപക്ഷ ഐക്യനിരയെ ശക്തിപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് എത്തുന്നത്. നിലവില്‍ പത്തു സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 266 സീറ്റുകളാണ്. ബിജെപിയുടെ 271 സീറ്റുകള്‍ ഉള്‍പ്പെടെ 314 അംഗങ്ങള്‍ എന്‍ഡിഎയ്ക്കുള്ള സാഹചര്യത്തില്‍ അവിശ്വാസപ്രമേയം മോദി സര്‍ക്കാരിന യാതൊരു ഭീഷണിയും ഉയര്‍ത്തില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ട് എംപിമാരുടെയും സ്പീക്കറുടെയും പിന്തുണ ബിജെപിക്കുണ്ട്. ഇടഞ്ഞു നിന്ന സഖ്യകക്ഷി ശിവസേനയുടെ പിന്തുണയും ബിജെപി നേടിയെടുത്തിട്ടുണ്ട്. 18 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്. 

പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് 48 എംപിമാരും ടിഡിപിക്ക് പതിനാറും എന്‍സിപിക്ക് ഏഴും എംപിമാരുണ്ട്. യുപിഎയ്ക്ക് പുറത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 34 അംഗങ്ങളുണ്ട്. തങ്ങള്‍ അവിശ്വാസ പ്രമേയത്തിന് ഒപ്പം നില്‍ക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നു. 11 അംഗങ്ങളുള്ള ടിആര്‍എസ്, ഒമ്പത് അംഗങ്ങളുള്ള സിപിഎം,ഏഴുപേരുടെ പിന്തുണയുള്ള എസ്പി എന്നിവയാണ് മറ്റ് പ്രധാന കക്ഷികള്‍. 

ദക്ഷിണേന്ത്യയില്‍ നിന്നുപോലും തങ്ങള്‍ക്ക് പിന്തുണ ലഭിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നത് 37 അംഗങ്ങളുള്ള എഐഎഡിഎംകെയെ മുന്നില്‍കണ്ടാണ്. മോദിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഐഎഡിഎംകെ സര്‍ക്കാരിന് എതിരെ വോട്ട് ചെയ്യാന്‍ സാധ്യത കുറവാണ്. 20 എംപിമാരുള്ള ബിജു ജനതാദളും കോണ്‍ഗ്രസ് പക്ഷത്ത് എത്തിയിട്ടില്ല. ഇതും ബിജെപിയുടെ ആത്മവിശ്വാസമുയര്‍ത്തുന്നു.