ക്ഷേത്രത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പൂജാരി ബലമായി ചുംബിക്കാന്‍ ശ്രമിച്ചു; 'വിശ്വസനീയമായ തെളിവ്' ലഭിച്ചില്ലെന്ന് ക്ഷേത്ര അധികൃതര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 12:26 PM  |  

Last Updated: 19th July 2018 12:26 PM  |   A+A-   |  

goa

 

ഗോവയില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പൂജാരി ബലമായി ചുംബിക്കാന്‍ ശ്രമിച്ചതായി പരാതി. അമേരിക്കയില്‍ മെഡിസിന് പഠിക്കുന്ന ഗോവക്കാരിയെയാണ് ക്ഷേത്രത്തിനുള്ളില്‍ വെച്ച് അക്രമിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 22 നുണ്ടായ സംഭവത്തെക്കുറിച്ച് ഇവര്‍ ക്ഷേത്ര അധികാരികളോട് പരാതി പറഞ്ഞെങ്കിലും വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നെന്നും യുവതി ആരോപിച്ചു. ശ്രീ മന്‍ഗ്വേഷി ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ യുവതിക്കാണ് പൂജാരിയില്‍ നിന്ന് മോശം അനുഭവമുണ്ടായത്. 

ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്ന് പുറത്തുവന്ന പൂജാരി യുവതിയോട് പ്രദക്ഷിണം ചെയ്യാന്‍ പറഞ്ഞു. ആംഗ്യംകാട്ടി അടുത്തേക്ക് വിളിച്ച് പൂജാരി അയാളുടെ കൈകള്‍ തന്റെ തോളത്ത് വെക്കുകയും കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ക്ഷേത്ര കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. പൂജാരിയുടെ ഈ പ്രവര്‍ത്തിയില്‍ താന്‍ ഞെട്ടിയെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ജൂണ്‍ 22 ലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ സംഭവം വലിയ ആഘാതമായിരുന്നന്നും അതിനാല്‍ മുംബൈയിലേക്ക് മടങ്ങിയെത്തിയതിന് ശേഷമാണ് ഇതിനെക്കുറിച്ച് അമ്മയോട് പറഞ്ഞതെന്നും യുവതി പറഞ്ഞു. 

എന്നാല്‍ യുവതിയുടെ പരാതി തെളിയിക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചില്ല എന്നാണ് ക്ഷേത്ര അധികാരികളില്‍ നിന്ന് ലഭിച്ച മറുപടി. ക്ഷേത്രത്തില്‍ നിന്ന് നീതി കിട്ടാത്തതിനാല്‍ മറ്റ് അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവതി.