ജഡ്ജിയുടെ വ്യാജ ഉത്തരവു ഹാജരാക്കി, യുവതിയെ ബലാത്സംഗം ചെയ്തുകൊന്നയാളെ ജയിലില്‍നിന്നു വിട്ടു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 12:57 PM  |  

Last Updated: 19th July 2018 12:57 PM  |   A+A-   |  

ലക്‌നൗ: വ്യാജ ഉത്തരവ് ഹാജരാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ ജയിലില്‍ നിന്നും മോചിപ്പിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ലക്‌നൗ ജയില്‍ അധികൃതര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാ ജഡ്ജിയെയാണ് കോടതി ചുമതലപ്പെടുത്തിയത്.

 യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളെയാണ് വ്യാജ ഉത്തരവ് സംഘടിപ്പിച്ച് അധികൃതര്‍ മോചിപ്പിച്ചത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെന്നും അതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നുമുള്ള ഉത്തരവാണ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെതായി അധികൃര്‍ ഹാജരാക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ വിട്ടയ്ക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ ആര്‍ അശ്വതിയും ജസ്റ്റിസ് മഹേന്ദ്ര ദയാലുമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ മോചിപ്പിക്കണമെന്നുള്ള ഉത്തരവ് താന്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി അചല്‍ പ്രതാപ് സിങ് പറയുന്നത്.ഈ ഉത്തരവ് വ്യാജമാണ് എന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ പന്ത്രണ്ടിന് താനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.