ശശി തരൂരിന്റെ വിദേശ ഉച്ചാരണം ഒരുപിടിയും കിട്ടുന്നില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി
By സമകാലിക മലയാളം ഡെസ്ക് | Published: 19th July 2018 11:23 PM |
Last Updated: 19th July 2018 11:23 PM | A+A A- |

ന്യൂഡൽഹി: കോണ്ഗ്രസ് എംപി ശശി തരൂരിന്റെ ഭാഷ പ്രയോഗത്തെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയൽ. ശശി തരൂരിന്റെ വിദേശ ഭാഷയുടെ ഉച്ചാരണം മനസിലാകുന്നില്ലെന്ന പരാതിയുമായാണ് പീയൂഷ് ഗോയൽ രംഗത്തുവന്നത്. ഫുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്സ് ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് ഭാഷയെ കൂട്ടുപിടിച്ച് ഗോയൽ തരൂരിനെ പരിഹസിച്ചത്. സർക്കാരിന്റെ വാക്കും പ്രവർത്തികളും തമ്മിൽ വൻ അന്തരമുണ്ടെന്ന തരൂരിന്റെ പരാമർശത്തിനു മറുപടി പറയുകയായിരുന്നു ഗോയൽ.
ബില്ലിന്റെ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നീരവ് മോദിയും ദാവോസിൽ ഒന്നിച്ചുള്ള ചിത്രത്തിന്റെ പേരിൽ തരൂർ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൗക്കിദാർ പരാമർശം കൂട്ടുപിടിച്ചായിരുന്നു തരൂരിന്റെ ആക്രമണം. ഈ പരാമർശങ്ങളോടു മറുപടി പറയാൻ ആരംഭിക്കവെയാണ് തരൂരിന്റെ ഭാഷയിലെ "വിദേശ ഉച്ചാരണം’ മനസിലാകുന്നില്ലെന്നു ഗോയൽ പരിഹസിച്ചത്.
ഉടൻതന്നെ കേരളത്തിൽനിന്നുള്ള മറ്റൊരു എംപി എൻ.കെ.പ്രേമചന്ദ്രൻ തരൂരിനെ പിന്തുണച്ചു രംഗത്തെത്തി. മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം പരാമർശങ്ങളുണ്ടാകുന്നതു ശരിയല്ലെന്നു പ്രേമചന്ദ്രൻ വാദിച്ചു. ഇതോടെ പാർലമെന്ററികാര്യ മന്ത്രി ആനന്ദ്കുമാർ വിഷയത്തിൽ ഇടപെട്ടു പ്രേമചന്ദ്രനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇടപെടാൻ തനിക്ക് അവകാശമുണ്ടെന്ന നിലപാടിൽ പ്രേമചന്ദ്രൻ ഉറച്ചുനിന്നു. തിരുവനന്തപുരത്തുനിന്നുള്ള എംപിയായ തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇതിനും മുൻപും ചർച്ചാവിഷയമായിട്ടുണ്ട്.