ശൈശവ വിവാഹം ഉടന്‍ അസാധുവാക്കണം: നിയമഭേദഗതി കൊണ്ടുവരാന്‍ വനിത ശിശുക്ഷേമ വകുപ്പിന്റെ ശുപാര്‍ശ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th July 2018 02:53 AM  |  

Last Updated: 19th July 2018 02:53 AM  |   A+A-   |  

 


ന്യൂഡല്‍ഹി: ഇനിമുതല്‍ നടക്കുന്ന എല്ലാ ശൈശവ വിവാഹങ്ങളും അസാധുവാക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിസഭയ്ക്ക് ശുപാര്‍ശ നല്‍കി. നിലവിലെ നിയമമനുസരിച്ച് വിവാഹിതരാവുന്നവരില്‍ ആരെങ്കിലുമോ, അതല്ലെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളോ ജില്ലാക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായി മാത്രമേ ശൈശവ വിവാഹം അസാധുവാക്കാന്‍ കഴിയൂ. 

പ്രായപൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനകമെങ്കിലും ഇതിനുള്ള ഹര്‍ജി നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, വ്യക്തിനിയമങ്ങള്‍ക്ക് കീഴിലുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ പ്രത്യേക ഭേദഗതി വേണ്ടിവരും. ഹിന്ദു, മുസ്‌ലിം വ്യക്തി നിയമപ്രകാരം, പെണ്‍കുട്ടിക്ക് 15 വയസ്സു തികയും മുന്‍പാണ് വിവാഹമെങ്കില്‍ മാത്രമേ റദ്ദാക്കാന്‍ ഹര്‍ജി നല്‍കാനാകൂ. പെണ്‍കുട്ടിക്കു 18 വയസ്സാകും മുന്‍പ് കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പരിഗണിക്കുക. ഇന്ത്യയില്‍ നിയമപരമായി പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടികളുടേത് 21 വയസ്സുമാണ്. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തു പ്രായപൂര്‍ത്തിയാകാത്ത 2.3 കോടി പെണ്‍കുട്ടികളാണു വിവാഹിതരായുള്ളത്.