സോണിയ ഗാന്ധി കണക്കില്‍ മഹാ മോശം; അവിശ്വാസത്തില്‍ കോണ്‍ഗ്രസ് അവകാശവാദങ്ങള്‍ തള്ളി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 04:33 PM  |  

Last Updated: 19th July 2018 04:33 PM  |   A+A-   |  

621428-soniagandhi

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ആവശ്യത്തിനു പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി കണക്കില്‍ വളരെ മോശമെന്ന് ബിജെപി. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെയാണ് കോണ്‍ഗ്രസിന്റെ അവകാശവാദം തള്ളിയത്.

സോണിയ ഗാന്ധി കണക്കില്‍ വളരെ മോശമാണ്. 1999ല്‍ വാജ്‌പേയ് സര്‍ക്കാര്‍ വീണതിനു പിന്നാലെ കോണ്‍ഗ്രസിനു സര്‍ക്കാരുണ്ടാക്കാനുള്ള, 272 പേരുടെ പിന്തുണയുണ്ടെന്ന് സോണിയ പറഞ്ഞിരുന്നതായി അനന്തകുമാര്‍ ഹെഗ്‌ഡെ ഓര്‍മിപ്പിച്ചു. നാളെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് നേതാക്കളുടെ വാക് പോര്. 

അവിശ്വാസ വോട്ടെടുപ്പില്‍ 314 എംപിമാരുടെ പിന്തുണ സര്‍ക്കാരിനു ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയ്ക്കു പുറത്തുള്ള ചില കക്ഷികളുടെ പിന്തുണ കൂടി സര്‍ക്കാരിനു ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. 

533 അംഗ സഭയിയല്‍ എന്‍ഡിഎയ്ക്ക് 313 എംപിമാരാണ് ഉള്ളത്. ഇതില്‍ 274 പേര്‍ ബിജെപി അംഗങ്ങളാണ്. സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉള്‍പ്പെടെയാണിത്.