നൂറോളം കേസുകളുടെ ഫയലുകളുമായി മുങ്ങി; വിരമിച്ച ജഡ്ജിക്കെതിരെ സിബിഐ അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 08:07 AM  |  

Last Updated: 19th July 2018 08:07 AM  |   A+A-   |  

ചെന്നൈ: നൂറോളം കേസുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി മുക്കിയതായി ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റ്റിസ് ടി മതിവണ്ണനെതിരെയാണ് അന്വേഷണം. ഇത്രയധികം കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടത് ബര്‍മുഡ ട്രയാങ്കിളില്‍ കപ്പലുകള്‍ കാണാതെയാവുന്നത് പോലെയായിപ്പോയി എന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് ജസ്റ്റിസ് ജി ജയചന്ദ്രന്‍ പറഞ്ഞത്. 

പരിശോധനനയ്ക്കായി അന്നത്തെ സിറ്റിംഗ് ജഡ്ജിയായിരുന്ന മതിവണ്ണന്റെ വീട്ടിലേക്ക് എത്തിച്ച കേസ് റെക്കോര്‍ഡുകളെ കുറിച്ചാണ് അന്വേഷണം. ഇതില്‍ പത്ത് കേസുകളില്‍ സിബിഐ ആയിരുന്നു പ്രോസിക്യൂട്ടര്‍.കഴിഞ്ഞ വര്‍ഷം വിധിയായ ഒരു കേസിന്റെ വിധിപ്പകര്‍പ്പ് ആവശ്യപ്പെട്ട് ഒരാള്‍ എത്തിയതോടെയാണ് ഇത്രയധികം ഫയലുകള്‍ നഷ്ടപ്പെട്ടുവെന്ന് കോടതി തന്നെ അറിയുന്നത്. കേസ് പുനര്‍നിര്‍മ്മിച്ച് ഓര്‍ഡര്‍ പരാതിക്കാരന് നല്‍കാനായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രാ ബാനര്‍ജി പറഞ്ഞത്. എന്നാല്‍ ഇതിനായി നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം കേസുകളുടെ ഫയലുകള്‍ കാണാനില്ലെന്ന് കോടതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടത്.