പപ്പുവെന്ന് വിളിച്ചോളൂ, വിദ്വേഷത്തിന്റെ ഒരു വാക്കുപോലും ഞാന്‍ പറയില്ല ; മോദിയെ ആശ്ലേഷിച്ച് രാഹുല്‍, സ്തബ്ധനായി പ്രധാനമന്ത്രി ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 02:55 PM  |  

Last Updated: 20th July 2018 02:55 PM  |   A+A-   |  

ന്യൂഡല്‍ഹി : ലോകസ്ഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. മോദിയെ അതിരൂക്ഷമായി കടന്നാക്രമിച്ച രാഹുല്‍, പ്രസംഗശേഷം പ്രധാനമന്ത്രിയുടെ സമീപത്തെത്തി കെട്ടിപ്പിടിച്ചിട്ടാണ് മടങ്ങിയത്. 

ഇത്രനേരം ഞാന്‍ നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ വ്യക്തിപരമായി നിങ്ങളോട് ദേഷ്യമില്ല. കാരണം എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ്. എന്നെ നിങ്ങള്‍ക്ക് അധിക്ഷേപിക്കാം. പപ്പുവെന്ന് വിളിക്കാം. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കെതിരായി വിദ്വേഷത്തിന്റെ ഒരു വാക്കുപോലും പറയില്ല. ഹിന്ദുവായിരിക്കുക എന്നുവെച്ചാല്‍ അതാണ് എന്നു പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്നാണ് അപ്രതീക്ഷിത നീക്കമെന്നോണം മോദിയെ ഇരിപ്പിടത്തിലെത്തി രാഹുല്‍ കെട്ടിപ്പിടിച്ചത്. 

രാഹുല്‍ അടുത്തെത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് കൈ കൊടുക്കാനൊരുങ്ങിയ പ്രധാനമന്ത്രി, അപ്രതീക്ഷിതമായ ആശ്ലേഷത്തില്‍ സ്തബ്ധനായി. രാഹുലിന്റെ സ്‌നേഹപ്രകടനം കണ്ട സ്പീക്കര്‍ സുമിത്ര മഹാജന്‍, സഭയില്‍ നാടകം വേണ്ടെന്ന് റൂളിംഗ് ചെയ്തു. തുടര്‍ന്ന് സീറ്റിലെത്തിയ രാഹുല്‍ കണ്ണിറുക്കി ചിരിച്ചതും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.