സര്‍ക്കാര്‍ അനുകൂല വിപ്പ് ശിവസേന പിന്‍വലിച്ചു ; അംഗബലത്തിന്റെ അഹങ്കാരമാണ് ബിജെപിക്കെന്ന് സാമ്‌ന

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th July 2018 09:52 AM  |  

Last Updated: 20th July 2018 09:52 AM  |   A+A-   |  

ന്യൂഡല്‍ഹി :  കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിലപാട് വ്യക്തമാക്കാതെ ശിവസേന. അവിശ്വാസ പ്രമേയത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണമെന്ന വിപ്പ് ശിവസേന നേതൃത്വം പിന്‍വലിച്ചു. അതേസമയം അംഗങ്ങളെല്ലാം വോട്ടെടുപ്പ് സമയത്ത് പാര്‍ലമെന്റില്‍ ഹാജരുണ്ടാകണമെന്ന് ശിവസേന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 11 മണിയ്ക്ക് അകം ശിവസേനയുടെ നിലപാട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. 

അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ചിരുന്നു. അതിന് പിന്നാലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി വിലപാട് ഇുവരെ തീരുമാനിച്ചിട്ടില്ലെന്നും, പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നും ശിവസേന പാര്‍ട്ടി പാര്‍ലമെന്ററി ചീഫ് വിപ്പ് ചന്ദ്രകാന്ത ഖെയ് രെ പറഞ്ഞു. 

എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന തെലുങ്കുദേശം പാര്‍ട്ടിയാണ് നരേന്ദ്രമോദി സര്‍ക്കാരിനെിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ട്. അതിനിടെ ബിജെപിക്കെതിരെ ശിവസേന മുഖപത്രമായ സാമ്‌നെയില്‍ രൂക്ഷവിമര്‍ശനം. അംഗബലത്തിന്റെ അഹങ്കാരമാണ് ശിവസേനയ്‌ക്കെന്നായിരുന്നു സാമ്‌നെയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നത്.