ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തളളി; മോദിക്കൊപ്പം 325 പേര്‍, പ്രതിപക്ഷത്തിന് ലഭിച്ചത് 126 വോട്ട്

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിട്ട് തളളി
ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തളളി; മോദിക്കൊപ്പം 325 പേര്‍, പ്രതിപക്ഷത്തിന് ലഭിച്ചത് 126 വോട്ട്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിട്ട് തളളി. 126 നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിയുടെ 325 എംപിമാര്‍ അവിശ്വാസപ്രമേയത്തിന് എതിരായി വോട്ടു ചെയ്തു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 126 വോട്ടുകളാണ് ലഭിച്ചത്.അണ്ണാ ഡിഎംകെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ലോക്‌സഭയില്‍ അവിശ്വാസപ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍  451 പേരാണ് പങ്കെടുത്തത്. ടിഡിപിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കട പ്രശ്‌നത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് അവിശ്വാസപ്രമേയത്തിന് മറുപടി നല്‍കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിങ് ആരംഭിക്കുന്നതിന് മുന്‍പ് ഫോണ്‍ ബാങ്കിങ് കണ്ടുപിടിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് പരിഹാസരൂപേണ മോദി പറഞ്ഞു. ഇതിന്റെ ഫലമായി ഒറ്റ ഫോണ്‍ കോളില്‍ തന്നെ ഉറ്റസുഹൃത്തുക്കള്‍ക്ക് വായ്പ തരപ്പെടുത്താന്‍ സാധിച്ചു. ഇതാണ് ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി വര്‍ധിക്കാന്‍ ഇടയാക്കിയത്. ഇപ്പോള്‍ രാജ്യം ഇതിന്റെ ക്ലേശമനുഭവിക്കുകയാണെന്നും ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി പറഞ്ഞു.

തുടര്‍ച്ചയായി അരങ്ങേറിയ ആള്‍ക്കൂട്ടക്കൊലയില്‍ രാജ്യം ആശങ്കപ്പെടുമ്പോള്‍, ഇതില്‍ പ്രതികരണം നടത്താനും മോദി മറന്നില്ല. ഇത്തരം അക്രമസംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് മോദി പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ഒരിക്കല്‍ കൂടി മോദി ആവശ്യപ്പെട്ടു.  

മിന്നലാക്രമണത്തെ പരിഹസിച്ച കോണ്‍ഗ്രസിനോട് രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മിന്നലാക്രമണത്തെ ജുംല സ്‌ട്രൈക്ക് എന്ന് വിളിച്ച് പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ടാണ് ലോക്‌സഭയില്‍ മോദി ആഞ്ഞടിച്ചത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്നെ അധിക്ഷേപിക്കാം. എന്നാല്‍ രാജ്യത്തെ ജവാന്മാരെ അപമാനിക്കുന്നത് നിര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. സേനയെ അധിക്ഷേപിക്കുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അവിശ്വാസ പ്രമേയം ജനാധിപത്യത്തിന്റെ പരീക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ ആരംഭത്തില്‍ തന്നെയാണ് അദ്ദേഹം അവിശ്വാസ പ്രമേയത്തെക്കുറിച്ച് സംസാരിച്ചത്. വികസനത്തിനെതിരായ ശബ്ദമാണത്. പ്രതിപക്ഷത്തിന്റെ വികസന വിരോധം ഗുണകരമല്ല. അത് വിനാശകരമാണ്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നിഷേധ രാഷ്ട്രീയമാണ് കണ്ടത്. അവര്‍ക്ക് മോദിയെ മാറ്റുക എന്നത് മാത്രമാണ് ലക്ഷ്യം. മോദിയെ മാറ്റു എന്ന മുദ്രാവാക്യം പ്രതിപക്ഷത്തെ ഒരുമിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

തന്നെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെ മോദി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമായി. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല. ഈ കസേരയില്‍ തന്നെ ഇരുത്തിയത് ഇന്ത്യയിലെ ജനങ്ങളാണെന്നും മോദി പറഞ്ഞു. ജനാധിപത്യത്തില്‍ ധൃതി പാടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് അധികാരത്തില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതിനിടെ മോദി പ്രസംഗം തുടരവേ പ്രതിപക്ഷം ബഹളം വച്ചു. ടി.ഡി.പി എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി. ടി.ഡി.പി എം.പിമാര്‍ മോദിക്ക് നേരെ അടുത്തപ്പോള്‍ അനുരാഗ് ഠാക്കൂര്‍ എം.പി അവരെ തടഞ്ഞു. ടി.ഡി.പിക്കൊപ്പം ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com