ആ വിധി നടപ്പാക്കിയാല്‍ 720 ല്‍ 750 മാര്‍ക്ക് നല്‍കേണ്ടി വരുമെന്ന് സിബിഎസ്ഇ; മദ്രാസ് ഹൈക്കോടതി വിധി സുപ്രിം കോടതി തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 02:22 PM  |  

Last Updated: 20th July 2018 02:22 PM  |   A+A-   |  

ചെന്നൈ : ചോദ്യപേപ്പറിലെ പരിഭാഷ പിശകിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ കുട്ടികള്‍ക്ക് 196 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. തമിഴ് ചോദ്യപേപ്പറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇംഗ്ലീഷുമായി ഒത്തുനോക്കിയിട്ട് കുട്ടികള്‍ പരീക്ഷ എഴുതുകയായിരുന്നു വേണ്ടത് എന്നും സുപ്രിം കോടതി  വ്യക്തമാക്കി.രണ്ടാം ഘട്ട കൗണ്‍സിലിംഗ് നടപടികളുമായി മുന്നോട്ട് പോകാന്‍ ഡിജിഎച്ച്എസിന് അനുമതിയും നല്‍കി. രണ്ടാം ഘട്ട കൗണ്‍സിലിംഗ്  നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. 

നീറ്റ് പരീക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ എത്തിച്ച ചോദ്യപേപ്പറില്‍ 49 ചോദ്യങ്ങള്‍ തെറ്റായാണ് പരിഭാഷപ്പെടുത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് 196 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി സിബിഎസ്ഇയോട് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഷ്‌കരിച്ച റാങ്ക് ലിസ്റ്റ് പുറത്തുവിടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. രാജ്യസഭാ എംപിയായ ടി കെ രംഗരാജന്റെ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. മൂന്നിലൊന്ന് ചോദ്യങ്ങളും തെറ്റായാണ് പരിഭാഷപ്പെടുത്തിയിരുന്നതെന്ന് എം പി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് സിബിഎസ്‌സി സുപ്രിം കോടതിയെ സമീപിച്ചത്. തമിഴില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്കെല്ലാം 196 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കിയാല്‍ മൊത്തം മാര്‍ക്കിനെ മറികടക്കുമെന്നാണ് സിബിഎസ്‌സി വാദിച്ചത്.  720 മാര്‍ക്കില്‍ നടത്തിയ പരീക്ഷയ്ക്ക് തമിഴ് മാധ്യമമാക്കി എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 750 മാര്‍ക്കാവും ലഭിക്കുകയെന്നും സിബിഎസ്ഇ  പറഞ്ഞു.
പരിഭാഷകരുമായി സംസാരിച്ചതില്‍ നിന്നും ഗുരുതരമായ പിഴവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തത്. 

മെയ് മാസം ആറിനാണ് അഖിലേന്ത്യാതലത്തില്‍ നീറ്റ് പരീക്ഷ നടന്നത്.24,000 കുട്ടികളാണ് തമിഴില്‍ പരീക്ഷ എഴുതിയത്. ജൂണ്‍ 28ന് തമിഴ്‌നാട്ടിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വിഭാഗം ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.