രാഹുല്‍ തിടുക്കമൊഴിവാക്കു; പ്രധാനമന്ത്രിയെ ജനം തീരുമാനിക്കുമെന്ന് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 09:47 PM  |  

Last Updated: 20th July 2018 09:47 PM  |   A+A-   |  

 

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം ജനാധിപത്യത്തിന്റെ പരീക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ ആരംഭത്തില്‍ തന്നെയാണ് അദ്ദേഹം അവിശ്വാസ പ്രമേയത്തെക്കുറിച്ച് സംസാരിച്ചത്. വികസനത്തിനെതിരായ ശബ്ദമാണത്. പ്രതിപക്ഷത്തിന്റെ വികസന വിരോധം ഗുണകരമല്ല. അത് വിനാശകരമാണ്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നിഷേധ രാഷ്ട്രീയമാണ് കണ്ടത്. അവര്‍ക്ക് മോദിയെ മാറ്റുക എന്നത് മാത്രമാണ് ലക്ഷ്യം. മോദിയെ മാറ്റു എന്ന മുദ്രാവാക്യം പ്രതിപക്ഷത്തെ ഒരുമിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 

തന്നെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെ മോദി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമായി. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല. ഈ കസേരയില്‍ തന്നെ ഇരുത്തിയത് ഇന്ത്യയിലെ ജനങ്ങളാണെന്നും മോദി പറഞ്ഞു. ജനാധിപത്യത്തില്‍ ധൃതി പാടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് അധികാരത്തില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

അതിനിടെ മോദി പ്രസംഗം തുടരവേ പ്രതിപക്ഷം ബഹളം വച്ചു. ടി.ഡി.പി എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി. ടി.ഡി.പി എം.പിമാര്‍ മോദിക്ക് നേരെ അടുത്തപ്പോള്‍ അനുരാഗ് ഠാക്കൂര്‍ എം.പി അവരെ തടഞ്ഞു. ടി.ഡി.പിക്കൊപ്പം ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി.