വിവരാവകാശ നിയമത്തില്‍ ഭേദഗതി: ബില്‍ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 07:13 AM  |  

Last Updated: 20th July 2018 07:13 AM  |   A+A-   |  

 

ന്യൂഡല്‍ഹി: വിവരാവകാശ കമ്മിഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ബില്‍ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചേക്കും. വിവരാവകാശ കമ്മിഷണര്‍മാരുടെ ഔദ്യോഗിക കാലപരിധി, ശമ്പളം, ആനുകൂല്യങ്ങള്‍, പദവി എന്നിവ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കും എന്നതാണ് ഭേദഗതി. ഇതിനുവേണ്ടി വിവരാവകാശനിയമത്തിലെ മൂന്നു ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്. 

അതേസമയം ഭേദഗതി നീക്കത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്തുത ഭേദഗതികള്‍ നിയമത്തെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചശേഷം രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടാനാണ് തീരുമാനം. 

ഇക്കാര്യത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയതായാണ് സൂചന. ഭേദഗതി ബില്‍ ആദ്യം സഭയില്‍ അവതരിപ്പിക്കണമെന്നും അതിനുശേഷം സെലക്ട് കമ്മിറ്റിക്കു വിടുന്നകാര്യം പരിഗണിക്കാമെന്നുമാണ് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിലപാട്.