ഒരു പന്തല്‍ കെട്ടാന്‍ അറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കും ; ബിജെപിയെ പരിഹസിച്ച് മമത ബാനര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 05:47 PM  |  

Last Updated: 21st July 2018 05:47 PM  |   A+A-   |  

കൊല്‍ക്കത്ത : ഒരു പന്തല്‍ കെട്ടാന്‍ അറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കുമെന്ന്, ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. മിഡ്‌നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരിഹാസം. തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. 

ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ താലിബാനികളെ സൃഷ്ടിക്കുകയാണ്. വര്‍ഗീയ കലാപത്തിന്റെ ചോരപുരണ്ട കൈകളുമായിട്ടാണ് ബിജെപി രാജ്യത്തെ നയിക്കുന്നത്. അഹങ്കാരവും ഭീഷണികളും കള്ളപ്രചാരണങ്ങളും ജനങ്ങള്‍ തള്ളിക്കളയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു. 

അവിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിച്ചെങ്കിലും, ഭരണത്തില്‍ ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിമാരുടെ അംഗസംഖ്യ നൂറിന് താഴെയാകും. യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, ഒഡീഷ, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കും. 'ബിജെപിയെ തൂത്തെറിയൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തുമെന്നും മമത പറഞ്ഞു. 

പന്തല്‍ തകര്‍ന്നുവീണത്

ജൂലൈ 16 ന്, മിഡ്‌നാപൂരില്‍ നടന്ന റാലിയില്‍ നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പന്തല്‍ തകര്‍ന്നുവീണത്. അപകടത്തില്‍ തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് പന്തല്‍ തകര്‍ന്ന് പരിക്കേറ്റവരെ മോദി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.