ഒരേ സമയം രണ്ടു വളളത്തില്‍,ശിവസേനയുടെ ബിജെപിയോടുളള എതിര്‍പ്പ് മുഖപത്രത്തില്‍ മാത്രം: വിമര്‍ശനവുമായി കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 12:24 AM  |  

Last Updated: 21st July 2018 12:27 AM  |   A+A-   |  

 

മുംബൈ: മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുളള വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ശിവസേനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഒരേ സമയം അധികാരത്തിന്റെ സദ്ഫലങ്ങള്‍ ആസ്വാദിക്കുകയും മോദി സര്‍ക്കാരിനെതിരെ കുറ്റം പറയുകയും ചെയ്യുന്ന ശിവസേന, പ്രഹസനം അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചവാന്‍ ആവശ്യപ്പെട്ടു.

ബിജെപിക്കെതിരായ എതിര്‍പ്പില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മോദി സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കാനാണ് ശിവസേന തയ്യാറാകേണ്ടത്. എന്നാല്‍ അധികാരം നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ശിവസേന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് പകരം വിട്ടുനില്‍ക്കുകയായിരുന്നുവെന്ന്് ചവാന്‍ കുറ്റപ്പെടുത്തി. 

മറാത്തി ജനതയുടെ പ്രശ്‌നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശിവസേന ശ്രമിക്കുന്നില്ല. ബിജെപിക്കെതിരായ എതിര്‍പ്പ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ മാത്രമായി ഒതുങ്ങുന്നു. സഭയില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ തയ്യാറാകാത്തതിലുടെ ശിവസേനയുടെ തനിസ്വരൂപമാണ് വെളിവാകുന്നതെന്നും അശോക് ചവാന്‍ പറഞ്ഞു.