ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ മൂട്ടകടി; എയര്‍ ഇന്ത്യക്കെതിരെ പരാതിയുമായി യാത്രക്കാര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2018 07:39 AM |
Last Updated: 21st July 2018 07:39 AM | A+A A- |

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ മൂട്ടകടി. എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് മൂട്ട കടിച്ച പാടുകള്‍ കണ്ടതോടെ പ്രവീണ്‍ ടോണ്സെകര് എന്ന യാത്രക്കാരനാണ് ആദ്യം പരാതിപ്പെട്ടത്. പിന്നാലെ പരാതിയുമായി മറ്റു യാത്രക്കാരും രംഗത്തെത്തുകയായിരുന്നു.
യുഎസിലെ ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് മൂട്ടശല്യം ചൂണ്ടികാട്ടി യാത്രക്കാര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് മുംബൈയില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്കുള്ള യാത്ര നാല് മണിക്കൂറോളം വൈകി. വൈകുനേരം അറ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 9:55ഓടെയാണ് യാത്ര ആരംഭിച്ചത്.
പരാതിപ്പെട്ട പ്രവീണ്‍ ട്വിറ്ററിലൂടെ യാത്രക്കിടെ നേരിടേണ്ടിവന്ന ദുരനുഭവം വ്യക്തമാക്കിയതോടെയാണ് സംഭവം വാര്‍ത്തയായത്. ഭാര്യയും രണ്ട് മക്കളുമൊത്ത് യാത്രചെയ്ത ഇദ്ദേഹത്തിന്റെ ഇളയകുട്ടിയുടെ ദേഹത്താണ് മൂട്ട കടിച്ചതിന്റെ പാടുകള്‍ കണ്ടത്. യാത്രയ്ക്കിടെ കുഞ്ഞ് നിര്‍ത്താതെ കരയുന്നതുകണ്ട് വസ്ത്രം അഴിച്ച് നോക്കിയപ്പോഴാണ് പാടുകള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന ഭാര്യയും കുട്ടിയും ഇക്കണോമി ക്ലാസിലാണ് യാത്രതുടര്‍ന്നതെന്നും പൊട്ടിയ മേശകളും മോശം ടിവിയുമാണ് ഈ സീറ്റിലുണ്ടായിരുന്നതെന്നും പ്രവീണ്‍ പറഞ്ഞു.
എല്ലാ സീറ്റുകളിലും മൂട്ടശല്യമുണ്ടെന്നും തനിക്ക് പിന്നാലെ ഇത് ചൂണ്ടികാട്ടി മറ്റ് സഹയാത്രികരും രംഗത്തെത്തിയിരുന്നെന്നും പ്രവീണ്‍ പറയുന്നു. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയര്‍ഇന്ത്യയെയും ടാഗ് ചെയ്താണ് പ്രവീണിന്റെ ട്വീറ്റ്. സംഭവത്തില്‍ എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.