'ആ കെട്ടിപ്പിടുത്തത്തിലൂടെ വിജയിച്ചത് രാഹുല്‍ തന്നെ'; കോണ്‍ഗ്രസ് അധ്യക്ഷന് പിന്തുണയുമായി ശിവസേന മുഖപത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 10:45 AM  |  

Last Updated: 21st July 2018 10:45 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ വെച്ച് ആലിംഗനം ചെയ്തതിനെ പിന്തുണച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന. അവിശ്വാസ പ്രമേയത്തെ മോദി സര്‍ക്കാര്‍ മറികടന്നെങ്കിലും ഹൃദയം കൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയാണ് എന്നാണ് സാമ്‌നയില്‍ പറയുന്നത്. മോദിക്ക് എതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ കടന്നാക്രമിക്കുകയും തുടര്‍ന്ന് ആലിംഗനം ചെയ്യുകയുമായിരുന്നു.

സീറ്റില്‍ ഇരിക്കുന്ന പ്രധാനമന്ത്രിയെ അടുത്തുവന്നു കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം അടക്കം ആദ്യ പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് സാമ്‌ന വാര്‍ത്ത നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാന്‍ രാഹുലിന് സാധിക്കുമെന്നാണ് ശിവസേന വ്യക്തമാക്കുന്നത്. ആദ്യമായിട്ടാണ് കോണ്‍ഗ്രസിനേയും രാഹുലിനേയും പിന്തുണച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രത്തില്‍ വാര്‍ത്ത നല്‍കുന്നത്.

കഴിഞ്ഞ ദിവസം ശിവസേന നേതാവും സാമ്‌നയുടെ അസോസിയേറ്റ് എഡിറ്ററുമായ സഞ്ജയ് റാവത്തും ലോക്‌സഭയിലെ രാഹുലിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അദ്ദേഹം യഥാര്‍ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് ബിരുദം നേടി കഴിഞ്ഞുവെന്നും രാഗുലിന്റെ ആലിംഗനം മോദിക്ക് നല്‍കിയ ഒരു ഷോക്ക് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നയിക്കാന്‍ രാഹുല്‍ സന്നദ്ധനാണെന്ന് ശിവസേന ആദ്യം പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ ഇത് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.