റോഡിലെ കുഴിയില്‍ വീണ് മരിക്കുന്നത് ഭീകരാക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍: രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

റോഡിലെ കുഴിയില്‍ വീണ് മരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
റോഡിലെ കുഴിയില്‍ വീണ് മരിക്കുന്നത് ഭീകരാക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍: രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളുടെ മോശം അവസ്ഥയില്‍ രൂക്ഷ പ്രതികരണവുമായി സുപ്രീം കോടതി. ഭീകരാക്രമണങ്ങളില്‍ മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

റോഡിലെ കുഴിയില്‍ വീണ് മരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റോഡിലെ കുഴികള്‍ നികത്തേണ്ട ഉത്തരവാദിത്തം അധികാരികള്‍ക്കുണ്ട്. എന്നാല്‍ അവര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 'റോഡില്‍ എവിടെയൊക്കെയാണ് കുഴികളുള്ളതെന്നോ ഏത് കുഴികള്‍ മനുഷ്യരുടെ ജീവനെടുക്കുമെന്നോ ആര്‍ക്കും അറിയില്ല. ഇത് തികച്ചും ഭയാനകമായ സാഹചര്യമാണ്. ഒരാളുടെ ജീവിതവും മരണവും സംബന്ധിച്ചുള്ളകാര്യമാണ്. ഇതിന് പരിഹാരം കണ്ടേ മതിയാകൂ'- ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.

ഇരുചക്ര വാഹനങ്ങള്‍ക്കും നാലുചക്ര വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കണമെന്നും കോടതി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും നാല് ചക്ര വാഹനങ്ങള്‍ക്കു മൂന്നുവര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നാണു ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. മൊത്തം 18 കോടി വാഹനങ്ങളില്‍ ആറ് കോടിക്കു മാത്രമേ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുള്ളൂ. സെപ്തംബര്‍ ഒന്നിനോ അതിനു മുന്‍പോ തീരുമാനമെടുക്കാന്‍ ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com