അവസരവാദികളായ ശിവസേനയുമായി സഖ്യം വേണ്ട; പുതു തന്ത്രങ്ങളുമായി അമിത് ഷാ
By സമകാലിക മലയാളം ഡെസ്ക് | Published: 22nd July 2018 08:00 PM |
Last Updated: 22nd July 2018 08:13 PM | A+A A- |

മുംബൈ: പൊതു തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് ബി.ജെ.പി. ശിവസനേയുമായി സഖ്യമില്ലാതെ മത്സരിക്കാന്‍ തയ്യാറെടുക്കണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. വിശ്വാസ വോട്ടടെടുപ്പിലെ മലക്കം മറിച്ചില്‍ കണത്തിലെടുത്താണ് നീക്കം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി എം.എല്‍.എ, എം.പിമാരുടെ യോഗത്തിലാണ് തീരുമാനം.
ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹാരാഷ്ട്രയില്‍ 23 കര്‍മപദ്ധതികള്‍ക്കും യോഗം രൂപം നല്കി.
നേരത്തെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന രാഷ്ട്രീയനീക്കത്തിന് തൊട്ടുപിന്നാലെ ശിവസേന പാര്‍ട്ടി നയം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കങ്ങളെ ശിവസേന മുഖപത്രം പ്രശംസിച്ചതും ബി.ജെ.പിയുമായുള്ള അകൽച്ച വ്യക്തമാക്കുന്നതായി. 'സഹോദരാ നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി' എന്നായിരുന്നു രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ച വാര്‍ത്തയുടെ തലക്കെട്ട്. ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുകയാണെന്നും എതിര്‍ക്കാനാണ് തീരുമാനമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കുകയും ചെയ്തതോടെ അകൽച്ചയുടെ ചിത്രം പൂർണമായി.
അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനിന്നതിനെ, ബി.ജെപിയും ശിവസേനയും തമ്മിലുള്ള അകലം വര്‍ധിച്ചത് വ്യക്തമാക്കുന്ന സൂചനയായാണ് രാഷ്ട്രീയവൃത്തങ്ങള്‍ കണ്ടത്. അവിശ്വാസ വോട്ടെടുപ്പില്‍ ശിവസേനയെ ഒപ്പം കൂട്ടാനായെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ ബി.ജെ.പിയുടെ തന്ത്രമായിരുന്നെന്നാണ് ശിവസേന പറഞ്ഞത്.