രാജ്യത്തിന്റെ ശബ്ദമാവുകയാണ് കോൺഗ്രസിന്റെ ദൗത്യം : രാഹുൽ ഗാന്ധി
By സമകാലിക മലയാളം ഡെസ്ക് | Published: 22nd July 2018 02:57 PM |
Last Updated: 22nd July 2018 03:06 PM | A+A A- |

ന്യൂഡൽഹി: രാജ്യത്തിന്റെ ശബ്ദമാവുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ദലിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുമ്പോൾ, രാജ്യത്തിന്റെ ശബ്ദമാകുകയാണ് കോൺഗ്രസിന്റെ ദൗത്യം. ഇന്ത്യയിൽ അടിച്ചമർത്തപ്പെട്ടവർക്കായാണ് കോൺഗ്രസ് സംസാരിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.
പുതുതായി രൂപീകരിച്ച പ്രവർത്തകസമിതി പരിചയ സമ്പത്തിന്റെയും ഊർജ്ജത്തിന്റെയും കേന്ദ്രമാണ്. കോൺഗ്രസ് പ്രവർത്തകർ അടിച്ചമർത്തപ്പെട്ടവർക്കായി പോരാടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നയരൂപീകരണത്തിന് പകരമാകില്ല, ആത്മപ്രശംസയും പാഴ്വാഗ്ദാനങ്ങളുമെന്ന്, നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടു.
ആര്‍എസ്എസിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ സാമ്പത്തിക-സംഘടന ശക്തികളെ മറികടക്കുന്നതിന് തന്ത്രപരമായ സഖ്യമാണ് ആവശ്യമായിരിക്കുന്നത്. വ്യക്തി താത്പര്യങ്ങള്‍ മാറ്റി വച്ചുകൊണ്ട് നേതാക്കള്‍ ഇതിന് തയ്യാറാവണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പ്രവർത്തകസമിതിയിൽ 23 സ്ഥിരം അംഗങ്ങളാണ് ഉള്ളത്. 19 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളും പ്രവർത്തകസമിതിയിലുണ്ട്.