വിവാദപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 08:30 PM  |  

Last Updated: 22nd July 2018 08:30 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ശശി തരൂരിന്റെ വിവാദപ്രസ്താവനകളില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. അനാവശ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ശശി തരൂരിന് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. പ്രവര്‍ത്തകസമിതിയില്‍ തരൂരിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണിത്.  ഇന്ത്യയില്‍ പശുക്കള്‍ മുസ്ലിംങ്ങളെക്കാള്‍ സുരക്ഷിതരെന്ന തരൂരിന്റെ പുതിയ പ്രസ്താവനയും വിവാദമായി

ഹിന്ദു പാകിസ്ഥാന്‍, ഹിന്ദു താലിബാന്‍ തുടങ്ങിയ ശശി തരൂരിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതിനോട് പ്രതികരിച്ച രാഹുല്‍ ഗാന്ധി, അനാവശ്യ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയുടെ സമരത്തെ ദുര്‍ബലമാക്കരുത് എന്ന മുന്നറിയിപ്പ് നല്‍കി.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനമാണ്  ഇന്ന് വീണ്ടും വിവാദത്തിനിടയാക്കിയിരുന്നു. ബിജെപി അധികാരത്തില്‍ എത്തിയ ശേഷം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ മരിച്ചത് 389 പേര്‍. പശുവുമായി ബന്ധപ്പെട്ട അക്രമത്തില്‍ 28 പേര്‍ക്ക് ജീവന്‍ പോയി. 139 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 86 ശതമാനവും മുസ്ലിംങ്ങളാണ്. ഇന്ത്യയില്‍ പശുവാകുന്നതാണ് മുസ്ലിം ആകുന്നതിനെക്കാള്‍ സുരക്ഷിതം എന്നും തരൂര്‍ പറഞ്ഞു. ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു