സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴു; പരാതിപ്പെട്ടപ്പോള്‍ അത് ജീരകമെന്ന് അധ്യാപിക 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 01:02 PM  |  

Last Updated: 22nd July 2018 01:02 PM  |   A+A-   |  

mid_day_meal

മുര്‍ഷിദാബാദ്: സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലുള്ള ഹാസിംപുര്‍ പ്രൈമറി സ്‌കൂളിലാണ് കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത്. പരാതിപ്പെട്ടപ്പോള്‍ ഭക്ഷണത്തില്‍ കണ്ടത് പുഴുവല്ല ജീരകമാണെന്ന് പറഞ്ഞ് അധ്യാപിക ഒഴിയുകയായിരുന്നെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു. 

ഉച്ചഭക്ഷണത്തിന് കറിയായി നല്‍കിയ കിച്ചടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. എന്നാല്‍ അധ്യാപിക അത് ജീരകമാണെന്ന് പറഞ്ഞ് രോഹിതിനെ മടക്കി അയയ്ക്കുകയായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു.

പരാതിയുമായി എത്തിയിട്ടും അത് ഗൗരവമായി എടുക്കാത്ത സമീപനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനുമുന്‍പും കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടിട്ടും ഇവര്‍ നടപടിയൊന്നും കൈകൊണ്ടില്ലെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ എങ്ങനെ ധൈര്യമായി കുട്ടികളെ സ്‌കൂളിലേക്കയക്കുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു. ഈ വിഷയത്തില്‍ തക്കതായ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അവര്‍ അറിയിച്ചു.