ഡിജിപി അടക്കം 17 ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ; പ്രതി പിടിയിൽ

മുപ്പതുകാരനായ സുലൈമാൻ ഇബ്രാഹിം അലിയാണ്  പൊലീസിന്റെ പിടിയിലായത്
ഡിജിപി അടക്കം 17 ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ; പ്രതി പിടിയിൽ

​ഗുവാഹത്തി : ഡിജിപിയുള്‍പ്പെടെ പതിനേഴോളം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കിയ ആൾ അറസ്റ്റില്‍. മുപ്പതുകാരനായ സുലൈമാൻ ഇബ്രാഹിം അലിയാണ് അസം പൊലീസിന്റെ പിടിയിലായത്. ഡിജിപി കുലാധർ സൈക്കിയ, ഗുവാഹത്തി 
പൊലീസ് കമ്മീഷണർ ഹിരെൻ നാഥ് എന്നിവരുടേത് ഉൾപ്പെടെ വ്യാജ പ്രൊഫൈലുകളാണ് ഇബ്രാഹിം അലി ഉണ്ടാക്കിയത്. 

ഇയാളിൽ നിന്ന് 47 മൊബൈൽഫോൺ, 13 ടാബ്, 15 സിംകാർഡുകൾ എന്നിവയും അലിയിൽ നിന്ന് പിടിച്ചെടുത്തതായി അസം സിഐഡി വിഭാ​ഗം അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള പൊലീസുദ്യോഗസ്ഥരും അലിയുടെ സൈബർ വിക്രിയയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

അതേസമയം വിനോദത്തിനായാണ് ഇത്തരത്തിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയതെന്ന് സുലൈമാൻ ഇബ്രാഹിം പൊലീസിനോട് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി അടുപ്പമുണ്ടെന്ന് കാണിക്കലായിരുന്നു ലക്ഷ്യമെന്നാണ് ഇയാൾ പറയുന്നത്. അതേസമയം ഇയാൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വന്തം പേരിൽ ആറ് പ്രൊഫൈലുകളാണ് അലി കൈകാര്യം ചെയ്തിരുന്നത്.

മുൻ സർക്കാരുദ്യോഗസ്ഥന്റെ മകനായ അലി തൊഴിൽ രഹിതനാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാജപ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ജൂണിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുണ്ടാക്കിയ പ്രൊഫൈലുകളായതിനാൽ പ്രതിയെ പിടികൂടുക പൊലീസിന് ഏറെ ദുഷ്കരമായിരുന്നു. ഫെയ്സ്ബുക്ക് നൽകിയ നിർണായക വിവരങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com