അമിത് ഷായുടെ സന്ദര്‍ശനം നാളെ ;മുംബൈ നഗരം കീഴടക്കി രാഹുല്‍ ഗാന്ധിയുടെ ആശ്ലേഷ പോസ്റ്ററുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 11:53 AM  |  

Last Updated: 22nd July 2018 12:09 PM  |   A+A-   |  

mumbai

ന്യൂഡല്‍ഹി: ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ തിങ്കളാഴ്ച മുംബൈ സന്ദര്‍ശിക്കാനിരിക്കെ നിരത്തുകള്‍ കീഴടക്കി രാഹുല്‍ ഗാന്ധിയുടെ ഫഌക്‌സുകള്‍. അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി മോദിയെ ആശ്ലേഷിക്കുന്ന ചിത്രമാണ് ഫഌക്‌സിലുള്ളത്. വെറുപ്പ് കൊണ്ടല്ല, സ്‌നേഹം കൊണ്ട് ഞങ്ങള്‍ ജയിക്കും എന്ന കുറിപ്പും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.മുംബൈ കോണ്‍ഗ്രസാണ് വ്യാപകമായി പോസ്റ്ററുകളും ഫഌക്‌സുകളും അടിച്ചിറക്കിയത്. 


സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭീതിയുടെയും വര്‍ഗ്ഗീയതയുടെയും ഭരണത്തെ സ്‌നേഹം കൊണ്ട് കോണ്‍ഗ്രസ് മറികടക്കുമെന്നാണ് മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 

പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയോട് , നിങ്ങള്‍ക്കെന്ന പപ്പുവെന്ന് വിളിക്കാം, തോന്നുംപോലെയെല്ലാം അധിക്ഷേപിക്കാം പക്ഷേ, ഞാന്‍ അങ്ങനെ ചെയ്യില്ല. ഈ വെറുപ്പിനെ നേരിടുക സ്‌നേഹം കൊണ്ടാവും ഞാനൊരു കോണ്‍ഗ്രസുകാരനാണ്' എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഉപദ്രവിച്ചവരെയും സ്‌നേഹിച്ച പാരമ്പര്യമാണ് യഥാര്‍ത്ഥ ഹിന്ദുസ്ഥാനികള്‍ക്കുള്ളതെന്ന് കൂട്ടിച്ചേര്‍ക്കാനും രാഹുല്‍ മറന്നിരുന്നില്ല.