മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് തരൂര്‍; ശശി തരൂര്‍ രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നുവെന്ന് ബിജെപി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 04:17 PM  |  

Last Updated: 22nd July 2018 04:17 PM  |   A+A-   |  

tharoor

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങളെക്കാള്‍  സുരക്ഷിതര്‍ പശുക്കളാണെന്ന എംപി ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപി. ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുളള ശശിതരൂരിന്റെ പ്രസ്താവനക്കെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. 

വര്‍ഗീയ സംഘര്‍ഷത്തെകുറിച്ചുളള ബിജെപി മന്ത്രിമാരുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നില്ല, ഇന്ത്യയില്‍ ചിലയിടത്തെല്ലാം മുസ്ലീമായിരിക്കുന്നതിനെക്കാള്‍ സുരക്ഷിതം പശുവായിരിക്കുന്നതാണ്' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ് . ട്വീറ്റിനു താഴെ തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്.

 

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണ് ശശിതരൂരിന്റെ പ്രസ്താവനയെന്നാണ് ബിജെപിയുടെ ആരോപണം.നേരത്തെ തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പ്രസ്താവനക്കെതിരെയും ബിജെപി പ്രതിഷേധവുമായെത്തിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്താന്‍ ആയി മാറുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. തരൂരിന്റെ പ്രസ്താവനക്കെതിരെ പാര്‍ലമെന്റിലും ബിജെപി പ്രതിഷേധിച്ചിരുന്നു.

തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേര്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിഓയില്‍ ആക്രമണവും നടത്തിയിരുന്നു.പരാമര്‍ശം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം മയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലും തരൂര്‍ നിലപാട് ആവര്‍ത്തിച്ചു. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എഐസിസി വക്താവ് തരൂരിന് ഉപദേശം നല്‍കിയിരുന്നു.