അനുവാദമില്ലാതെ സ്ത്രീകള്‍ക്കൊപ്പം സെല്‍ഫിയെടുത്തു; ടൈംസ് നൗ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 12:26 PM  |  

Last Updated: 23rd July 2018 12:29 PM  |   A+A-   |  

 

ന്യൂഡല്‍ഹി: അനുവാദമില്ലാതെ സ്ത്രീകളുടെ സെല്‍ഫിയെടുത്ത ടൈംസ് നൗ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിവേക് നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ തങ്ങളുടെ കൂടെ നിന്ന് സെല്‍ഫിയെടുത്തുവെന്ന രണ്ടുസ്ത്രീകളുട പരാതിയിന്‍മേലാണ് അറസ്റ്റ്. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ എടുത്ത സെല്‍ഫിയാണ് കേസിലേക്ക് നയിച്ചത്. 

വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ ചേര്‍ത്ത് വിവേക് സെല്‍ഫി എടുത്തു. ചിത്രമെടുത്തത് സ്ത്രീകള്‍ ചോദ്യം ചെയ്യുകയും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ സ്ത്രീകള്‍ സുരക്ഷാ ഏജന്‍സി മുമ്പാകെ പരാതി നല്‍കി. ഉടന്‍ തന്നെ അവര്‍ വിവേകിനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. 

വിവേകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വിവേകിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.