'ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു'; പതിനാറുകാരനായ പാകിസ്ഥാന്‍ക്കാരന്‍ മോദി സര്‍ക്കാരിന്റെ അനുമതിക്കായി കാത്തുനില്‍ക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 09:24 PM  |  

Last Updated: 23rd July 2018 09:24 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ലെന്ന് പാകിസ്ഥാന്‍ തടവുപുളളി. അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് സൈന്യം പിടികൂടുകയും തുടര്‍ന്ന് ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനാകുകയും ചെയ്ത പതിനാറുകാരനാണ് ഇന്ത്യയോടുളള സ്‌നേഹം തുറന്നുപറഞ്ഞത്. ഇനിയുളള കാലം ഇന്ത്യയില്‍ കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞ അഷ്ഫാഖ് അലി ഇതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

ഇന്ത്യ നല്ല രാജ്യമാണ്. ഈ രാജ്യത്ത് തനിക്ക് ജോലി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അഷ്ഫാഖ് അലി അടാരി വാഗാ അതിര്‍ത്തിയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

കഴിഞ്ഞവര്‍ഷമാണ് അബദ്ധവശാല്‍ അതിര്‍ത്തി ലംഘിച്ച ഈ പാകിസ്ഥാന്‍ക്കാരന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് 14 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പതിനാറ് വയസ് മാത്രം പ്രായമുളള അഷ്ഫാഖ് അലി ജയില്‍ മോചിതനായത്. തുടര്‍ന്നാണ് ഇന്ത്യയില്‍ തന്നെ തുടര്‍ന്നുളള കാലം ജീവിക്കാനുളള ആഗ്രഹം ഈ കൗമാരക്കാരന്‍ തുറന്നുപറഞ്ഞത്.