കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ, അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം; ബില്‍ ലോക്‌സഭയില്‍

ശേഷിക്കുന്ന ജീവിത കാലം മുഴുവന്‍ തടവാണ്, പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ, അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം; ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഏപ്രില്‍ 21ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. 

രാജ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളില്‍ സമീപ കാലത്തുണ്ടായതെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള കടുത്ത നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള നിയമ ഭേദഗതി അതിന്റെ ഭാഗമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു.

ജമ്മു കശ്്മീരിലെ കത്തുവയിലും ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും കുട്ടികള്‍ക്കു നേരെയുണ്ടായ ക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ശിക്ഷ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. പന്ത്രണ്ടു വയസില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് സഭയില്‍ അവതരിപ്പിച്ച ബില്‍. ഇരുപതു വര്‍ഷം തടവാണ്  കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ. പരമാവധി ഇത് വധശിക്ഷ വരെയാകാം. ശേഷിക്കുന്ന ജീവിത കാലം മുഴുവന്‍ തടവാണ്, പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ.

ബലാത്സംഗത്തിനുള്ളള കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷം കഠിന തടവില്‍നിന്ന് പത്തു വര്‍ഷം കഠിന തടവായി ഉയര്‍ത്തിയിട്ടുണ്ട്. ജീവപര്യന്തമാണ് പരമാവധി ശിക്ഷ.

ഇരയുടെ പ്രായം പതിനാറു വയസിനുള്ള താഴെയെങ്കില്‍ കുറഞ്ഞ ശിക്ഷ ഇരുപതു വര്‍ഷം തടവാണ്. ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ തടവാണ് പരമാവധി ശിക്ഷ. 

ബലാത്സംഗ കേസുകളില്‍ അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിചാരണ എത്രയും വേഗം നടത്തണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. അപ്പീലുകള്‍ ആറു മാസത്തിനകം തീര്‍പ്പാക്കണമെന്നാണ് വ്യവസ്ഥ. പതിനാറു വയസില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com