ടെന്‍ഷനകറ്റാന്‍ ആള്‍ദൈവത്തിന്റെ വക എനര്‍ജി ഹീലിംഗ് തെറാപ്പി; പൊലീസ് ഓഫീസറുടെ കസേര തെറിച്ചു

കണ്ണടച്ച് ധ്യാനിച്ച് കസേരയില്‍ ഇരിക്കുന്ന ഇന്ദ്രപാലിന്റെ തലയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നമിതാ ആചാര്യ രണ്ട് കൈകളും വച്ച് അനുഗ്രഹിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്
ടെന്‍ഷനകറ്റാന്‍ ആള്‍ദൈവത്തിന്റെ വക എനര്‍ജി ഹീലിംഗ് തെറാപ്പി; പൊലീസ് ഓഫീസറുടെ കസേര തെറിച്ചു

ന്യൂഡല്‍ഹി: ടെന്‍ഷന്‍ മാറ്റുന്നതിനായി ജോലി സമയത്ത് ആള്‍ദൈവത്തിന്റെ വക എനര്‍ജി ഹീലിംഗ് തെറാപ്പി സ്വീകരിച്ച പൊലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റി. ന്യൂഡല്‍ഹിയിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായിരുന്ന ഇന്ദ്രപാലിനെയാണ് പദവിയില്‍ നിന്നും തരംതാഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്തത്.

കണ്ണടച്ച് ധ്യാനിച്ച് കസേരയില്‍ ഇരിക്കുന്ന ഇന്ദ്രപാലിന്റെ തലയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നമിതാ ആചാര്യ രണ്ട് കൈകളും വച്ച് അനുഗ്രഹിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.ചിത്രം വൈറലായതിനെ തുടര്‍ന്ന് ഇന്ദ്രപാലിനോട് ഡല്‍ഹി പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

താന്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും മറ്റുള്ളവരുടെ ഉപദേശപ്രകാരമാണ് നമിതാ ആചാര്യയുടെ അടുക്കല്‍ നിന്നും എനര്‍ജി ഹീലിംഗ് തെറാപ്പി സ്വീകരിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി. പൊലീസ് ലൈനിലേക്കാണ് ഇന്ദ്രപാലിനെ തരംതാഴ്ത്തിയത്.

ന്യൂഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബറിലുംസമാന സംഭവം ഉണ്ടായിരുന്നു.സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയില്‍ ആള്‍ദൈവമായ രാധാമാ ഇരിക്കുന്ന ചിത്രമായിരുന്നു അന്ന് വൈറലായത്. പൊലീസ് ഓഫീസറായ സഞ്ജയ് ശര്‍മ്മ തൊഴുകൈകളോടെ അടുത്ത് നില്‍ക്കുന്നതും ചിത്രത്തില്‍ കാണാമായിരുന്നു.രാംലീല ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാധാ മാ യെ ആള്‍ക്കൂട്ടം കാരണം സ്റ്റേഷനില്‍ ഇരുത്തിയതാണ് എന്നാണ് സഞ്ജയ് ശര്‍മ്മ അന്ന് വിശദീകരണം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com