ബാലപീഡകര്‍ക്ക് വധശിക്ഷ: ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കനത്ത ശിക്ഷ;നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

ബാലപീഡകര്‍ക്ക് വധശിക്ഷ: ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കനത്ത ശിക്ഷ;നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമക്കേസുകളിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമക്കേസുകളിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കേന്ദ്രം.നിയമഭേദഗതിയ്ക്കുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 2012ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. 

അതേസമയം, 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാവുന്ന വിധത്തില്‍ പോക്സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കൂട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് എതിരെയുള്ള ലൈഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നിയമത്തില്‍ ലിംഗ സമത്വം കൊണ്ടുവരുന്നതിനാണ് കേന്ദ്രനീക്കം. 2007 ല്‍ മന്ത്രാലയം 12,447 കുട്ടികളില്‍ നടത്തിയ അന്വേഷണത്തില്‍ പകുതി കുട്ടികളും ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നതായി കണ്ടെത്തിയിരുന്നു. അതില്‍ 53 ശതമാനം ആണ്‍കുട്ടികളാണ്.

നേരത്തെ, ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടത്ര നിയമങ്ങള്‍ രാജ്യത്തില്ലെന്ന വാദത്തെ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പിന്തുണച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ ലൈംഗികാതിക്രമത്തിന് ഇരകളാകുന്നുണ്ട്. എന്നാല്‍ കുട്ടിക്കാലത്ത് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ആണ്‍കുട്ടികള്‍ ഇക്കാര്യം പുറത്ത് പറഞ്ഞാലുണ്ടാകുന്ന നാണക്കേടും സംഭവത്തിലെ ഞെട്ടലും കാരണം ജീവിതകാലം മുഴുവന്‍ മൂടിവയ്ക്കും. ഗുരുതരമായ ഇത്തരം സംഭവങ്ങളും പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com