റവാണ്ടയ്ക്ക് മോദിയുടെ സമ്മാനം, 200 പശുക്കള്‍;  പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 02:53 PM  |  

Last Updated: 23rd July 2018 02:53 PM  |   A+A-   |  

 

ന്യൂഡല്‍ഹി: അഞ്ചുദിന ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. ഉഗാണ്ട, ദക്ഷിണാഫ്രിക്ക , റവാണ്ട എന്നി രാജ്യങ്ങളാണ് മോദിയുടെ സന്ദര്‍ശന പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയുടെ വിദേശ നയത്തില്‍ ആഫ്രിക്കയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഫ്രിക്കന്‍ വാണിജ്യരംഗത്ത് ചൈനയുടെ  ആധിപത്യം ചെറുക്കുന്നതിനായി ഇന്ത്യ തന്ത്രപരമായി ശ്രമിച്ചുവരുകയാണ്. ഇതിനിടെയുളള മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേതിനെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യയുളള റവാണ്ടയാണ് മോദി ആദ്യം സന്ദര്‍ശിക്കുക. റവാണ്ടയില്‍ എത്തുന്ന മോദി ഗിരിങ്ക പദ്ധതിയുടെ ഭാഗമായി 200 പശുക്കളെ പാരിതോഷികമായി നല്‍കും. റവാണ്ടയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് ഇതിനായി ഏറ്റെടുക്കുക. ഒരു ദരിദ്രകുടുംബത്തിന് ഒരു പശു എന്ന കണക്കിലാണ് പശുവിനെ നല്‍കുന്നത്. ഇതിലുടെ ദരിദ്രരാജ്യമായ റവാണ്ടയിലെ ജനതയ്ക്ക് പുതിയ തൊഴില്‍സാധ്യതകള്‍ കണ്ടെത്തി നല്‍കുന്നതിന് കരുത്തുപകരുക എന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. 

കിഴക്കന്‍ ആഫ്രിക്കയുടെ കവാടമായ റവാണ്ടയുമായി ഇന്ത്യയ്ക്ക് തന്ത്രപരമായ പങ്കാളിത്തമാണുളളത്. നിലവില്‍ 40 കോടി ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റായി ഇന്ത്യ അനുവദിച്ചിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തില്‍ കൂടുതല്‍ ധനസഹായം അനുവദിക്കുമെന്നാണ് അറിയുന്നത്. വ്യവസായ പാര്‍ക്ക്, കാര്‍ഷികം തുടങ്ങിയ മേഖലകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം സ്ത്രീ സാമാജികര്‍ ഉളള രാജ്യമാണ് റവാണ്ട. മൂന്നില്‍ രണ്ടു സാമാജികരും സ്ത്രീകളാണ് എന്നത് സ്ത്രീ ശാക്തീകരണ രംഗത്ത് റവാണ്ട കൈവരിച്ച നേട്ടമായി വിലയിരുത്തുന്നു. കൂടാതെ റവാണ്ടയുടെ തലസ്ഥാനമായ കിഗലി കാത്തുസൂക്ഷിക്കുന്ന ശുചിത്വവും ഇന്ത്യയ്ക്ക് പാഠമാണ്. 1994ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് ഈ രാജ്യം ഈ നിലയില്‍ പുരോഗതി കൈവരിച്ചത്. റവാണ്ടയുടെ ഇത്തരം നേട്ടങ്ങള്‍ നേരിട്ട് മനസിലാക്കലും മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
 

TAGS
modi