അമിതവേഗത്തില്‍ പാഞ്ഞ ജാഗ്വര്‍ 10വാഹനങ്ങളുമായി കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2018 10:07 AM  |  

Last Updated: 24th July 2018 10:07 AM  |   A+A-   |  

jaguar

മുംബൈ: അമിതവേഗതയില്‍ പാഞ്ഞ ജാഗ്വര്‍ നിയന്ത്രണം വിട്ട് പത്ത് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ അന്തേരിക്ക് സമീപമാണ് സംഭവം. 

വാഹനമോടിച്ചിരുന്ന വ്യക്തി അമിതമായി മദ്യപിച്ചിരുന്നെന്നും വേഗത കൂടി വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടുപോയതാകാം അപകടകാരണമെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ വൈദ്യ പരിശോധനകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ വേണ്ട രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും കാറിന്റെ യഥാര്‍ത്ഥ ഉടമയുടെ ബന്ധുവാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 

പ്രതിയെ പൊലീസിന് ഏല്‍പ്പിക്കുന്നതിനുമുമ്പ് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിക്കുകയും കാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. റോഡിലുണ്ടായിരുന്ന മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു സൈക്കിളുമടക്കം ഇടിച്ചുതെറുപ്പിച്ച കാര്‍ ഒടുവില്‍ ഡ്രൈവര്‍തന്നെ ബ്രേക്ക് പിടിച്ച് നിര്‍ത്തുകയായിരുന്നു.