കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയം ; സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം മര്‍ദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2018 10:46 AM  |  

Last Updated: 24th July 2018 10:46 AM  |   A+A-   |  

ജല്‍പയ്ഗുരി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് സംശയിച്ച് ബംഗാളില്‍ നാല് സ്ത്രീകളെ ജനക്കൂട്ടം മര്‍ദിച്ചു. സ്ത്രീകളില്‍ രണ്ടു പേരെ ജനക്കൂട്ടം വിവസ്ത്രയാക്കുകയും ചെയ്തു. ബംഗാളിലെ ജയ്പല്‍ഗുരി ജില്ലയിലെ ദ്വാകിമാരിയിലാണ് സംഭവം. 

ഇരുപതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ആക്രമണത്തിന് വിധേയരായതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളിലൊരാല്‍ ബന്ധുവിനെ തേടിയെത്തിയതാണ്. മറ്റൊരാള്‍ ബന്ധു വീട്ടിലെത്തിയതാണെന്നും, മൂന്നാമത്തെ സ്ത്രീ വീടുകള്‍ തോറും വസ്ത്രങ്ങള്‍ കൊണ്ട് നടന്ന് വില്‍പ്പന നടത്തുന്നയാളുമാണ്. ജയ്പാല്‍ഗുരിയിലെ ബാങ്കില്‍ വന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായ മറ്റൊരാളെന്നും റിപ്പോര്‍ട്ടുണ്ട്. 

നാലുപേരെയും നാട്ടുകാര്‍ കുട്ടികളെ കടത്താനെത്തിയവരാണെന്ന് ആരോപിച്ച് തടഞ്ഞുവെക്കുയും മര്‍ദിക്കുകയുമായിരുന്നു. രണ്ടുപേരെ നാട്ടുകാര്‍ നഗ്നരാക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തി നാലുപേരെയും സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജയ്പാല്‍ഗുരിയില്‍ ഒരുമാസത്തിനിടെ ഇത് നാലാമത്തെ ആള്‍ക്കൂട്ട ആക്രമണമാണിത്. കഴിഞ്ഞയാഴ്ച മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കുട്ടിക്കടത്ത് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചിരുന്നു.