പഞ്ച്കുള പീഡനം; പെണ്‍കുട്ടിയുമായി കിടക്ക പങ്കിടാന്‍ ഗസ്റ്റ്ഹൗസുടമ വാട്ട്സാപ്പിലൂടെ ക്ഷണിച്ചത് 70 പേരെ
By സമകാലിക മലയാളം ഡെസ്ക് | Published: 24th July 2018 02:34 PM |
Last Updated: 24th July 2018 02:34 PM | A+A A- |

ചണ്ഡിഗഡ്: പഞ്ച്കുളയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം കിടക്ക പങ്കിടാന്‍ ഗസ്റ്റ്ഹൗസുടമ വാട്ട്സാപ്പ് വഴി ക്ഷണിച്ചത് 70 പേരെയെന്ന് പൊലീസ്. ഇരുപത്തിയൊന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം വാട്ട്സാപ്പിലൂടെ
ഇവര്‍ക്ക് കൈമാറുകയായിരുന്നു. ഈ ക്ഷണം സ്വീകരിച്ചെത്തിയ 40 പേരാണ് പെണ്‍കുട്ടിയെ നാല് ദിവസം മയക്കുമരുന്ന് നല്കി പീഡിപ്പിച്ചത്. ഇതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
ഗസ്റ്റ്ഹൗസ് ഉടമയായ സണ്ണിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പെണ്‍കുട്ടികളെ ഗസ്റ്റ്ഹൗസില്‍ എത്തിച്ച ശേഷം ആവശ്യക്കാര്‍ക്ക് ചിത്രം വാട്ട്സാപ്പ് ചെയ്യുകയായിരുന്നു സണ്ണിയുടെ പതിവെന്നാണ് ഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.
ജോലി വാഗ്ദനം ചെയ്താണ് പെണ്‍കുട്ടിയെ സണ്ണി ഗസ്റ്റ്ഹൗസിലെത്തിച്ചത്. നാല് ദിവസത്തിന് ശേഷം അവശയായ പെണ്‍കുട്ടിയെ പുറത്ത് വിട്ടപ്പോള്‍ , സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി മണിമജ്റ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സണ്ണിയെയും മാനേജര്‍ അവ്താറിനെയുമുള്‍പ്പടെ ഒന്‍പത് പേരെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍.
അറസ്റ്റിലായവരെല്ലാം പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണോ എന്ന് തീരുമാനിക്കാനായിട്ടില്ല. ഇയാള്‍ സെക്സ് റാക്കറ്റിന്റെ ഭാഗമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് പഞ്ച്കുള ഡിസിപി ആര് കെ മീണ പറഞ്ഞു.