മറാത്താ സംവരണ സമരം അക്രമാസക്തം ; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, രണ്ടുപേര്‍ ആത്മാഹുതിയ്ക്ക് ശ്രമിച്ചു, ഇന്റര്‍നെറ്റിന് നിരോധനം ( വീഡിയോ )

സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന്റെ പ്രക്ഷോഭത്തില്‍ വ്യാപക അക്രമം
മറാത്താ സംവരണ സമരം അക്രമാസക്തം ; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, രണ്ടുപേര്‍ ആത്മാഹുതിയ്ക്ക് ശ്രമിച്ചു, ഇന്റര്‍നെറ്റിന് നിരോധനം ( വീഡിയോ )

മുംബൈ : സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന്റെ പ്രക്ഷോഭത്തില്‍ വ്യാപക അക്രമം. ഗംഗാപൂരില്‍ സമരക്കാര്‍ ട്രക്ക് അഗ്നിക്കിരയാക്കി. ഔറംഗാബാദില്‍ പൊലീസിന് നേര്‍ക്കെ കല്ലെറിഞ്ഞ പ്രക്ഷോഭകര്‍ പൊലീസിന്റേയും അഗ്‌നിശമന സേനയുടേയും വാഹനങ്ങള്‍ക്കും തീയിട്ടു. രണ്ട് യുവാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഘര്‍ഷം ശക്തമാകുന്നത് പരിഗണിച്ച് ഔറംഗബാദിലും പരിസരങ്ങളിലും ഇന്റര്‍നെറ്റ്, വൈ ഫൈ സര്‍വീസുകള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ പരക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധക്കാര്‍ ഔറംഗാബാദ്  പൂനെ ഹൈവേ ഉപരോധിച്ചു വരികയാണ്. സമരത്തിനിടെ കാകാസാഹെബ് ഷിന്‍ഡെ എന്നയാള്‍ തിങ്കളാഴ്ച ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതോടെ പ്രക്ഷോഭം ശക്തമായി. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറാത്ത സംഘടനകളുടെ പോഷക സംഘടനയായ മറാത്ത സകല്‍ സമാജ് മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ബന്ദില്‍ നിരവധി സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തു. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. മറാത്തവാഡയിലെ എട്ട് ജില്ലകളിലും ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. നദിയില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ശിവസേന എം.പി ചന്ദ്കാന്ത് ഖൈറെയ്ക്ക് നേരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞു. ഖൈറയെ കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. ഷിന്‍ഡെയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് പൊലീസാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 'നിങ്ങള്‍ മറാത്താ രക്തമുള്ളവരെങ്കില്‍ മരണം വരിക്കൂ' എന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com