ഷിരൂര്‍ മഠാധിപതിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു ; ബുര്‍ഖ ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സഹായി പിടിയില്‍

സ്വാമിയുടെ സഹായിയായ രമ്യ ഷെട്ടിയാണ് ബുര്‍ഖ ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്
ഷിരൂര്‍ മഠാധിപതിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു ; ബുര്‍ഖ ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സഹായി പിടിയില്‍


ഉഡുപ്പി : ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവരതീര്‍ഥയുടെ മരണത്തിലെ ദുരൂഹത തുടരുകയാണ്. ഇതിനിടെ ലക്ഷ്മീ വരതീര്‍ത്ഥയുടെ അടുത്ത സഹായിയായ സ്ത്രീ വേഷപ്രച്ഛന്നയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഇതോടെ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഏറി. സ്വാമിയുടെ സഹായിയായ രമ്യ ഷെട്ടിയാണ് ബുര്‍ഖ ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരോടൊപ്പം മറ്റ് അഞ്ച് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. 

ഭക്തയായി ആശ്രമത്തിലെത്തിയ രമ്യ ഷെട്ടി, പിന്നീട് സ്വാമിയുടെ അടുത്ത ആളായി മാറുകയായിരുന്നു. സ്വാമിയ്ക്ക് ഭക്ഷണം പാകം ചെയ്തിരുന്നതും രമ്യയാണ്. ആശ്രമത്തിലെ ദൈനംദിന കാര്യങ്ങളില്‍ രമ്യ ഇടപെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ബെല്‍ത്തങ്ങാടിയില്‍ വെച്ച് പ്രത്യേക സംഘം പിടികൂടുകയായിരുന്നു. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു സ്ത്രീകളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

ഷിരൂര്‍ മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ടേപ്പും അപ്രത്യക്ഷമായിട്ടുണ്ട്. ഇത് കണ്ടെത്താനും പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കി. ടേപ്പ് ലഭിക്കുന്നതോടെ മഠവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സ്വാമിക്ക് മഠത്തിനുള്ളില്‍ നിന്നോ, പുറത്തു നിന്നോ ശത്രുക്കളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് സംഘത്തെക്കുറിച്ചും അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അന്വേഷണം സംബന്ധിച്ച് ഒരു വിവരവും ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് ഉഡുപ്പി എസ്പി ലക്ഷ്മൺ നിംബാര്‍ഗി അറിയിച്ചത്. 

ജൂലൈ 19 നാണ് സ്വാമി ലക്ഷ്മി വരതീര്‍ത്ഥയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്തരിക രക്തസ്രാവം രൂക്ഷമായതോടെ സ്വാമി മരിക്കുകയായിരുന്നു. പാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന് കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ സ്വാമിയുടെ ഒപ്പം ഭക്ഷണം കഴിച്ച മറ്റാര്‍ക്കും വിഷബാധയേറ്റിട്ടില്ല എന്നത് കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. സ്വാമിക്കു വിളമ്പിയ ഭക്ഷണത്തില്‍ മാത്രം വിഷം ചേര്‍ത്തു കൊലപ്പെടുത്തിയതാണ് എന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ലതവ്യ ആചാര്യ, ലക്ഷ്മി വരതീര്‍ത്ഥയുടെ മരണദിവസം തന്നെ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com