'സ്ത്രീയെ കൊല്ലുന്നതിനേക്കാള്‍ നല്ലതാണ് മുത്തലാഖ്' ; വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ്

വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ ഒഴിവാക്കാന്‍ നല്ല മാര്‍ഗമാണ് ട്രിപ്പിള്‍ തലാഖെന്ന് റിയാസ് അഹമ്മദ്
'സ്ത്രീയെ കൊല്ലുന്നതിനേക്കാള്‍ നല്ലതാണ് മുത്തലാഖ്' ; വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ്

ലക്‌നൗ : മുത്തലാഖിനെ അനുകൂലിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് നടത്തിയ പ്രസ്താവന വിവാദത്തില്‍. സ്ത്രീയെ കൊല്ലുന്നതിനേക്കാള്‍ നല്ലതാണ് മുത്തലാഖെന്ന് സമാജ് വാദി പാര്‍ട്ടി ബറൈലിയിലെ ന്യൂനപക്ഷ വിഭാഗം തലവന്‍ റിയാസ് അഹമ്മദ് അഭിപ്രായപ്പെട്ടു. വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ ഒഴിവാക്കാന്‍ നല്ല മാര്‍ഗമാണ് ട്രിപ്പിള്‍ തലാഖെന്ന് റിയാസ് അഹമ്മദ് പറഞ്ഞു. 

യുപി മുന്‍ മന്ത്രിയായ റിയാസ് അഹമ്മദ്, തലാഖ് വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി. ബിജെപി ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ മുസ്ലീം സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെങ്കില്‍, അവര്‍ക്ക് എട്ട് ശതമാനം സംവരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ബിജെപി തലാഖ് വിഷയം ഉന്നയിക്കുന്നത് മുസ്ലിം സമുദായത്തെ മോശപ്പെടുത്താനും, വര്‍ഗീയമായി ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടാണെന്നും റിയാസ് അഹമ്മദ് പറഞ്ഞു. 

സമാജ് വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവനക്കെതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികല്‍ രംഗത്തെത്തി. മുസ്ലിം സമുദായത്തിലെ സ്ത്രീകളോടുള്ള മനോഭാവമാണ് റിയാസിന്റെ പ്രസ്താവനയിലൂടെ വെളിപ്പെടുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഇത്തരത്തിലുള്ള നേതാക്കള്‍ ഉള്ളിടത്തോളം മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകുമോയെന്നും ബിജെപി ബറൈലി ജില്ലാ പ്രസിഡന്റ് രാജേഷ് റാത്തോഡ് പറഞ്ഞു. 

തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. തലാഖ് നിരോധിക്കണമെന്ന ബില്‍ ലോക്‌സഭ പാസ്സാക്കി. രാജ്യസഭയുടെ പരിഗണനയിലാണ്. ഈ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com