തന്നെ കാണുമ്പോള്‍ ബിജെപിക്കാര്‍ രണ്ട് അടി പിന്നോട്ടുപോകും: മറുപടിയുമായി രാഹുല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2018 10:10 PM  |  

Last Updated: 25th July 2018 10:10 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇനി തന്നെ കാണുമ്പോള്‍ ബിജെപി നേതാക്കള്‍ രണ്ട് അടി പിന്നോട്ടുപോകുമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. താന്‍ അവരെ ആലിംഗനം ചെയ്യുമെന്ന ഭയമായിരിക്കും ഇനി അവരുടെ ചിന്തകളില്‍. വിദ്വേഷത്തിന്റെ പ്രചാരണം കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. മോദിയെ ആലിംഗനം ചെയ്തതില്‍ തന്നെ വിമര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നത് പോലെ ആരുമായി പോരാടാം. എന്നാല്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്്് ഇപ്പോള്‍ ചിലര്‍ പ്രയോഗിക്കുന്നതെന്ന് ബിജെപിയെ പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ കുറ്റപ്പെടുത്തി. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് അവര്‍ പ്രവര്‍ത്തകരെ പഠിപ്പിക്കുന്നത്. പ്രധാനമന്ത്രിയെയും ബിജെപിയെയും ഞങ്ങള്‍ വിമര്‍ശിക്കുമെങ്കിലും വിദ്വേഷ പ്രചാരണം കോണ്‍ഗ്രസിന്റെ രീതി അല്ലെന്നും രാഹുല്‍ പറഞ്ഞു. 

മോദിയെ കെട്ടിപ്പിടിച്ച രാഹുല്‍ ഗാന്ധിയുടെ നടപടി രാഷ്ട്രീയ നാടകം മാത്രമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തന്നെ കെട്ടിപ്പിടിക്കുന്നതിന് മുന്‍പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും യോഗി മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാനമായ വിമര്‍ശനങ്ങള്‍ മറ്റു ബിജെപി നേതാക്കളും രാഹുലിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മറുപടി.
 

TAGS
rahul