രണ്ടും നാലും എട്ടും വയസുളള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍;  സംഭവ സ്ഥലത്ത് നിന്ന് ഗുളികകളും മരുന്ന് ബോട്ടിലുകളും കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2018 09:26 PM  |  

Last Updated: 25th July 2018 09:26 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസുള്ള സഹോദരിമാരാണ് മരിച്ചത്. പട്ടിണിയോ, പോഷകാഹാരകുറവോ ആകാം മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വാഭാവിക മരണമായി വിലയിരുത്തുന്ന പൊലീസ് സംഭവസ്ഥലത്ത് നിന്നും ഗുളികകളും മരുന്നും കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിഷാംശം അകത്ത് ചെന്നാണോ മരിച്ചത് എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. നാടിനെ നടുക്കിയ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടികളുടെ അമ്മയും അയല്‍ക്കാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, പെണ്‍കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കുട്ടികളുടെ അച്ഛന്‍ മടങ്ങി ജോലിയ്ക്ക് പോയശേഷം ഇതുവരെ മടങ്ങി എത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

മൃതശരീരങ്ങളില്‍ മുറിവുകളൊന്നും ദൃശ്യമല്ല. ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിലെത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് പോലീസ് പറഞ്ഞു. മരുന്നു കുപ്പികളും ഗുളികകളും കണ്ടെടുത്ത സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്.
 

TAGS
death