ഗര്‍ഭിണിക്ക് വേണ്ടി അവര്‍ ഗോവണിയായി ; പൊലീസുകാരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

പ്ലാറ്റ്‌ഫോമില്ലാതെ നിലത്തിറങ്ങുവാനുള്ള യുവതിയുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ രണ്ട് പൊലീസുകാരും പിന്നെ ഒന്നും നോക്കിയില്ല. കുനിഞ്ഞ് സ്‌റ്റെപ് പോലെ നിലത്തേക്ക് ഇരുന്നു
ഗര്‍ഭിണിക്ക് വേണ്ടി അവര്‍ ഗോവണിയായി ; പൊലീസുകാരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ചെന്നൈ: ഗര്‍ഭിണിയായ യുവതിക്ക് ചവിട്ടുപടികളായി നിന്ന പൊലീസുകാരെ അഭിനന്ദിക്കുകയാണ് രാജ്യം. സിഗന്ല്‍ തകരാറിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്ലാത്ത സ്ഥലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും താഴെ ഇറങ്ങുന്നതിനായാണ് തമിഴ്‌നാട്ടിലെ പൊലീസ് കോണ്‍സ്റ്റബിളുമാരായ ധനശേഖരനും മണികണ്ഠനും ഏണിപ്പടികള്‍ പോലെ മുതുക് കുനിച്ച് നിന്നത്.കാക്കിക്കുള്ളിലെ ഈ സ്‌നേഹത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചെന്നൈ ഫോര്‍ട്ട് സ്‌റ്റേഷനും പാര്‍ക്ക് റെയില്‍വേ സ്റ്റേഷനുമിടയില്‍ പാസഞ്ചര്‍ ട്രെയിന്‍ സിഗ്നല്‍ കിട്ടാതെ മണിക്കൂറുകള്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. അക്ഷമരായ യാത്രക്കാര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.ഗര്‍ഭിണിയായ യുവതി മാത്രമാണ് ട്രെയിനില്‍ ശേഷിച്ചത്. രണ്ട് മണിക്കൂറുകളോളം ട്രെയിനില്‍ കുടുങ്ങി ഇരിക്കുമ്പോഴാണ് പൊലീസുകാരായ ധനശേഖരനും മണികണ്ഠനും ഇവരെ കണ്ടെത്തിയത്. 

പ്ലാറ്റ്‌ഫോമില്ലാതെ നിലത്തിറങ്ങുവാനുള്ള യുവതിയുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ രണ്ട് പൊലീസുകാരും പിന്നെ ഒന്നും നോക്കിയില്ല. കുനിഞ്ഞ് സ്‌റ്റെപ് പോലെ നിലത്തേക്ക് ഇരുന്നു. ഇത് കണ്ട ചില ചെറുപ്പക്കാരും കൂടി സഹായിക്കാനെത്തിയപ്പോള്‍ യുവതി അനായാസം ട്രെയിനില്‍ നിന്നും പുറത്തിറങ്ങി. ഏണിപ്പടി പോലെ നിന്ന് യുവതിയെ സഹായിച്ച പൊലീസുകാരുടെ കാര്യം തമിഴ്‌നാട് പൊലീസ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ശശി തരൂര്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. രാജ്യമെങ്ങും പൊലീസുകാര്‍ക്കെതിരെ വ്യാപക പരാതി ഉയരുമ്പോള്‍ ഇതുപോലെയുള്ള പൊലീസുകാരെയാണ് നാടിനാവശ്യമെന്ന് പലരും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com