ജീവനാംശം ഒന്നും രണ്ടും നാണയങ്ങള്‍; വെട്ടിലായി കോടതി; കേസ് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2018 05:05 PM  |  

Last Updated: 25th July 2018 05:05 PM  |   A+A-   |  

 

ചണ്ഡീഗഢ്: വിവാഹ മോചന കേസുകള്‍ പരിഗണിക്കവെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി നേരിട്ടത് വലിയൊരു പ്രതിസന്ധി. ചൊവ്വാഴ്ച തീര്‍പ്പാക്കേണ്ട കേസ് ഈ മാസം 27ലേക്ക് മാറ്റണ്ട അവസ്ഥ വരെയുണ്ടാക്കി ഈ നാടകീയ സംഭവം. ജീവനാംശമായി കോടതിയിലെത്തിയ തുക എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം ആവശ്യമായതാണ് കോടതിയെ വെട്ടിലാക്കിയത്. 

മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപ അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്. അത് ഒരു ബാഗ് നിറയെ ഉണ്ടായിരുന്നു. ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായിരുന്നു മുഴുവന്‍. പണം എണ്ണി തിട്ടപ്പെടുത്തി ജിവനാംശമായി ലഭിക്കേണ്ട തുക കൃത്യമല്ലേയെന്ന് ഉറപ്പാക്കി കേസ് അവസാനിപ്പിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് കേസ് മാറ്റി വെച്ചത്.

2015ലാണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. മുന്‍ ഭാര്യയ്ക്ക് ജീവനാംശമായി മാസം തോറും 25,000 രൂപ നല്‍കണമെന്ന് കേസ് തീര്‍പ്പാക്കിക്കൊണ്ട് കോടതി വിധിച്ചു. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം കിട്ടാതായതോടെ ഭാര്യ ഹോക്കോടതിയെ സമീപിക്കുകയായിരുന്നു. ജീവനാംശം നല്‍കാനുള്ള പണം തന്റെ പക്കലില്ലെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു. എന്നാല്‍ വലിയ കേസുകള്‍ വാദിക്കുന്ന, ഏറെ വരുമാനമുള്ള അഭിഭാഷകനാണ് ഭര്‍ത്താവെന്നും നിരവധി സ്വത്തുവകകള്‍ സ്വന്തം പേരിലുണ്ടെന്നും ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു ഭാര്യയ്ക്ക് അനുകൂലമായ വിധി വന്നത്. നീണ്ട വാദപ്രതിവാദങ്ങള്‍ അരങ്ങേറിയ കേസില്‍ കോടതി 50,000 രൂപ സ്ത്രീക്ക് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇത് നല്‍കാനായാണ് അഭിഭാഷകന്‍ നാണയവുമായി എത്തിയത്. 

അഭിഭാഷകന്റെ നടപടിയെ പരാതിക്കാരിയായ സ്ത്രീ വിമര്‍ശിച്ചു. ഇത് തന്നെ അപമാനിക്കാന്‍ മനഃപൂര്‍വം കണ്ടെത്തിയ പുതിയ വഴിയാണെന്ന് അവര്‍ പ്രതികരിച്ചു. നിയമത്തെ അവേഹളിക്കുകയാണ് അഭിഭാഷകന്‍ തന്റെ പ്രവര്‍ത്തിയിലൂടെ ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.